തലശ്ശേരി: വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തിയ സംഭവത്തിൽ യുവതിക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കണ്ണൂരിൽ ആച്ചിലീസ് സെക്യൂരിറ്റി സർവീസ് നടത്തുന്ന മേലെ ചൊവ്വ ശിവം ഹൗസിൽ ഹയാന സഹദേവനെതിരെയാണ് നടപടി. ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കക്കാട് സ്വദേശി ചിമ്മിണിയാൻ വീട്ടിൽ റിജേഷിന്റെ പരാതിയിലാണ് നടപടി.
എറണാകുളം സെൻട്രൽ പൊലീസിനാണ് സി.ജെ.എം കോടതി നിർദേശം നൽകിയത്. 2013 മുതൽ 2016 വരെ ദുബായിലെ ജെന്റർ സെക്യൂരിറ്റി എൽ.എൽ.സിയിൽ റിജേഷ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ശാരീരിക പ്രശ്‌നം കാരണം ജോലി മതിയാക്കി നാട്ടിലെത്തിയ ഇയാൾ ഹയാനയുമായുള്ള മുൻ പരിചയത്തെ തുടർന്ന് ആച്ചിലീസിൽ സെക്യൂരിറ്റി സൂപ്പർ വൈസറായി.
മറ്റൊരു കേസിൽ റിജേഷിനെ പ്രതിയുടെ കൂടെ മൂന്നാം ഹർജിക്കാരനായി കാണിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. സംഭവം അറിഞ്ഞതോടെയാണ് താൻ റിട്ട് ഹർജി സമർപ്പിച്ചില്ലെന്ന് മൊഴി നൽകിയത്. തുടർന്ന് ഹൈക്കോടതി ഹയാന സഹദേവനെ വിളിച്ച് വരുത്തി സത്യാവസ്ഥ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് യുവതി കുറ്റസമ്മത മൊഴി നൽകി.
ഹയാനയുടേത് ആൾമാറാട്ടവും വഞ്ചനയുമാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു.
തുടർന്നാണ് ഹയാനക്കെതിരെ അന്വേഷണം നടത്താൻ റിജേഷ് എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചത്.
നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ ഹയാന സഹദേവൻ മുഴപ്പിലങ്ങാട് കുഞ്ഞിപ്പറമ്പത്ത് റഫീഖിന്റെ മകൻ കെ.പി നിസാമുദ്ദീന് ദുബായിലേക്ക് വിസ നൽകി വഞ്ചിച്ച കേസിലും പ്രതിയായിരുന്നു.
മുൻകൂർ ജാമ്യഹർജി അടുത്തിടെ തലശ്ശേരി കോടതി തള്ളിയിരുന്നു. ആച്ചിലീസ് സെക്യൂരിറ്റീസ് പാക്കിസ്ഥാൻ കമ്പനിയുടെ ഫ്രാഞ്ചയ്‌സിയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിസാമുദ്ദീൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ നിസാമുദ്ദീന് വധഭീഷണിയും ഉയർന്നിരുന്നു.