കാഞ്ഞങ്ങാട്: തിങ്കളാഴ്ച വൈകീട്ടോടെ വേനൽമഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക കൃഷി നാശം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നേന്ത്രവാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ കാറ്റിൽ നിലംപതിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി വിതരണവും താറുമാറായി.

പുല്ലൂർപെരിയ, മടിക്കൈ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി പഞ്ചായത്തുകളിലാണ് കാറ്റ് നാശം വിതച്ചത്. അട്ടേങ്ങാനം കൂലോത്തുംകാനത്തെ ഗോപാലൻ, കൃഷ്ണൻ എന്നിവർ ചേർന്ന് കൃഷിചെയ്ത നൂറിലധികം നേന്ത്രവാഴകൾ കാറ്റിൽ നിലംപതിച്ചു. ഏഴാംമൈൽ കായലടുക്കത്തെ കർഷകൻ കുമാരന്റെ 85 ലധികം വാഴകളും കാറ്റിൽ കടപുഴകി.
പുല്ലൂർ അട്ടക്കാട്ടെ വേണുവിന്റെ വാഴകൃഷി പൂർണ്ണമായും നശിച്ച നിലയിലാണ്. പാറപ്പള്ളി കുമ്പള തൊട്ടിയിലെ ടി.എൻ.അബ്ദുൾ റഹിമാന്റെ 300 വാഴകളും തൊട്ടടുത്ത പറമ്പിൽ കൃഷി ചെയ്ത കരിവേടകത്തെ അബ്ദുള്ളയുടെ 200 നേന്ത്രവാഴകളും കടപുഴകി.
പെരിയ കാലിയടുക്കത്തെ ചാത്തന്റെ 50ഓളം വാഴകളും നിലംപതിച്ചിട്ടുണ്ട്.

മടിക്കൈ ആലംപാടിയിൽ ഇല്ലത്തുവളപ്പ് ചോയിച്ചി അമ്മയുടെ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കൂര ഭാഗികമായി തകർന്നു. വെള്ളിക്കോത്ത് കാരക്കുഴിയിലെ കെ. ദിനേശന്റെ വീടിന്റെ അടുക്കളയാണു തകർന്നത്. ഓടും കഴുക്കോലുകളും തകർന്നു. ചുമരിനും വിള്ളലുണ്ട്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജപുരം പരിധിയിലാണ് വൈദ്യുതി ലൈനുകൾ ഏറെ തകർന്നത്.