കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജന്റെ കട്ടൗട്ടിന്റെ തലയറുത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ബൂത്ത് ഓഫീസ് കത്തിച്ചതിലും പാർട്ടി ഓഫീസ് തകർത്തതിലും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ചെറുവാഞ്ചേരി ബ്രാഞ്ച് ഓഫീസിൽ സ്ഥാപിച്ച കട്ടൗട്ടിന്റെ തല ഭാഗം അറുത്ത് മാറ്റിയത്. ഓഫീസ് തകർത്ത ശേഷമായിരുന്നു അക്രമം.
അർദ്ധരാത്രിയോടെ മുഖം മൂടിയും ഹെൽമെറ്റും ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫിംഗർപ്രിന്റ് ബ്യൂറോയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് അന്വേഷണം. വില്ലേജ് ഓഫീസിന് സമീപം ബൂത്ത് കമ്മിറ്റി ഓഫീസും തീവച്ച് നശിപ്പിച്ചിരുന്നു.
തന്നെ കൊല്ലാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇപ്പോൾ കട്ടൗട്ടിന്റെ തലയറുത്ത് പ്രതിഷേധിക്കുന്നതെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. സമാധാനം നിലനിൽക്കുന്ന മേഖലയിൽ ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.