തലശ്ശേരി: കണ്ണൂർ, കാസർകോട് ജില്ലയിൽ ബ്രാഞ്ച് ഓഫീസുകൾ സ്ഥാപിച്ച് കോടികൾ തട്ടിയ ഇരിങ്ങാലക്കുടയിലെ ടി.എൻ.ടി ചിട്ടിക്കമ്പനിക്കെതിരായ അന്വേഷണം മരവിച്ചു. തലശ്ശേരി, വളപട്ടണം, പാപ്പിനിശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ ഏഴോളം സ്ഥലങ്ങളിൽ നിന്നായി ആയിരത്തിലധികം പേരെ വഞ്ചിച്ച സംഭവത്തിലാണ് അലംഭാവം.
ചിട്ടി ലേലം കൊണ്ടവർക്ക് പണം കിട്ടാതെ വന്നപ്പോഴാണ് ഉടമകൾ മുങ്ങിയ കാര്യം ജീവനക്കാർ പോലും അറിഞ്ഞത്. ഇതറിഞ്ഞതോടെ ഇടപാടുകാർ തലശ്ശേരി മഞ്ഞോടിയിലെ ഓഫീസ് അക്രമിച്ചെന്നും പരാതിയുണ്ട്. ചിറ്റാളന്മാരിൽ ഒരാളായ എരഞ്ഞോളിയിലെ സുമിത് നിവാസിൽ സുബിനാണ് ടി.എൻ.ടിക്കെതിരെ തലശ്ശേരി പൊലീസിൽ ആദ്യം പരാതിപ്പെട്ടത്. മൂന്ന് ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന ഇയാൾ 1,80,000 രൂപ അടച്ചിരുന്നു. ഇപ്പോൾ ഒന്നും കിട്ടാത്ത അവസ്ഥയിലായി.
സുമിത്തിന് പിന്നാലെ ഒട്ടേറെ ഇടപാടുകാർ അതത് ബ്രാഞ്ച് അതിർത്തിയിലെ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതോടെ എല്ലാ പരാതികളും ഒന്നിച്ച് കൈകാര്യം ചെയ്യാമെന്ന തീരുമാനത്തിലാണ് പൊലീസുള്ളത്. ഫെബ്രുവരി മുതലാണ് ടി.എൻ.ടിക്കെതിരെ പരാതി പ്രവാഹം തുടങ്ങിയത്. ഇപ്പോൾ മാസം രണ്ട് തികഞ്ഞു.
എറണാകുളം നോർത്ത് പരവൂർ സ്വദേശികളായ കെ.വി ടെൽസൺ തോമസ്, നെൽസൺ തോമസ് എന്നീ സഹോദരങ്ങളാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർമാർ. ഇരുവരെയും പ്രതിചേർത്ത് 406, 420, റഡ് വിത്ത് 34 ഐ.പി.സിയിലാണ് കേസ്. ലോക്കൽ പൊലീസിന് ഏറെ പരിമിതികളുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുനൽകാൻ നടപടി സ്വീകരിക്കാത്തതിലും ആക്ഷേപമുണ്ട്.