മാഹി: വിശ്രമ രഹിതമായ രാപകലുകൾ എഴുന്നൂറ് കിലോമീറ്റർ താണ്ടി മാഹിയിലെത്തിയ യു.പി.എ. സ്ഥാനാർത്ഥി വി. വൈദ്യലിംഗം കുളിയും കഴിഞ്ഞ് പ്രാതൽ കഴിക്കാൻ പഴയ തറവാട് വീടായ ഇടവലത്ത് ഹൗസിന്റെ തീൻമേശയിലേക്ക് പോകുമ്പോഴാണ് കുശലവുമായി തൊട്ട് മുന്നിൽ പുഞ്ചിരിച്ചു നിന്നത്. വണക്കം..സൗഖ്യമാ..?
ആമാ സൗഖ്യം താൻ...
തേർതൽ വെട്രി എപ്പടിയിരിക്കും?
മുഖ്യമന്ത്രി നാരായണസ്വാമിയേയും മുൻ മന്ത്രി ഇ. വത്സരാജിനെയും ചായ കഴിക്കാനയച്ച് പതിഞ്ഞ ശബ്ദത്തിൽ പുതുവൈ മക്കളുടെ പെരും തലൈവർ സംസാരിച്ചു തുടങ്ങി. ജയം സുനിശ്ചിതമാണ്. ഘടകങ്ങളെല്ലാം അനുകൂലം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ആർ. കോൺഗ്രസ് ഭരണത്തിലായിരുന്നു. അന്നവർക്ക് 15 എം.എൽ.എമാരും. ഇപ്പോൾ അധികാരത്തിന് പുറത്തായില്ലേ, പഴയ പ്രഭാവവുമില്ല. ഏഴ് എം.എൽ.എമാരേയുള്ളൂ. ഒരാളുടെ സ്ഥാനം പോയത് അഴിമതി കോടതി കൈയോടെ പിടിച്ചപ്പോഴായിരുന്നു.
എൻ.ആർ. കോൺഗ്രസിന്റെ എം.പി. ഇടഞ്ഞ് നിൽപ്പാണ്. പ്രചരണത്തിന് പോലും ഇറങ്ങിയിട്ടില്ല.
ജയലളിതയുടെ മരണത്തിന് ശേഷം സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ ശിഥിലീകരണവും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതോടെ എൻ.ആർ. കോൺഗ്രസിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്ന് പോയതും യു.പി.എ.ക്ക് ഗുണമാണ്. ഇപ്പോൾ കോൺഗ്രസാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. ഘടകകക്ഷിയായ ഡി.എം.കെയാകട്ടെ പുതുച്ചേരിയിലും കരുത്താർജ്ജിച്ചിട്ടുണ്ട്.
തിരുമാവളവന്റെ നേതൃത്വത്തിലുള്ള ദളിത് സംഘടനയായ വിടുതലൈ ചിരുതൈ കക്ഷിയുടെ പിന്തുണയും ഞങ്ങൾക്കുണ്ട്. പോരാത്തതിന് സി.പി.എം-സി.പി.ഐ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണയും. മാഹിയിൽ പ്രധാന പ്രതിപക്ഷമായുള്ളത് രണ്ടായിരത്തിൽ താഴെ വോട്ടുകളുള്ള ബി.ജെ.പി. മാത്രമാണ്.
രണ്ട് തവണ വീതം മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നപ്പോൾ മാഹിയുമായി പുലർത്തിയ ബന്ധം കരുത്തേകുന്നുണ്ട്.
എൻ.ഡി.എയിലെ സ്ഥാനാർത്ഥി പൊതുരംഗത്തില്ലാത്ത വൻകിട ബിസിനസുകാരനാണ്. ഇതും ഞങ്ങളുടെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
മാഹിയ്ക്ക് വേണ്ടി എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഒറ്റ ശ്വാസത്തിലായിരുന്നു മറുപടി.
പാതി വഴിയിൽ നിലച്ച കേന്ദ്ര വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് ആഴ്ചയിൽ നാല് ദിവസം ട്രെയിൻ സർവീസ് നടപ്പാക്കും. ലഭ്യമായ ഭൂമിയിൽ തൊഴിൽ ഹബ്ബുകൾ തുടങ്ങും. ടൂറിസം സാദ്ധ്യതകളെല്ലാം ഉപയോഗിക്കും.
കഴിഞ്ഞ എൻ.ആർ കോൺഗ്രസിന്റെ എം.പി. കിട്ടിയ വോട്ടിന് നന്ദി പറയാനെങ്കിലും വന്നോയെന്ന് വൈദ്യലിംഗം ചോദിച്ചു. എന്നാൽ മുമ്പുണ്ടായിരുന്ന കേന്ദ്രമന്ത്രി വി. നാരായണസ്വാമി എത്രയെത്ര പദ്ധതികളാണ് നൽകിയത്? ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ചില്ലേ? ടാഗോർ ഉദ്യാനം നവീകരിച്ചില്ലേ? ഹിൽ ലോക്ക് നിർമ്മിച്ചില്ലേ? സർക്കാർ സ്കൂളുകൾക്ക് എം.പി ഫണ്ടിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചില്ലേ? പൊലീസിന് പെട്രോളിംഗ് വാഹനങ്ങൾ നൽകിയില്ലേ?
അപ്പോഴേക്കും മുഖ്യമന്ത്രിയുടെ വിളി വന്നു. നേരമായേച്ച്. തിരിഞ്ഞ് നടക്കുമ്പോൾ ഒരു ചോദ്യം കൂടി ചോദിച്ചു 'മധ്യ അമച്ചർ പദവിക്ക് വായ്പ് ഇരിക്കാ?' മറുപടി ഒരു പൊട്ടിച്ചിരി മാത്രം.