km-mani
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയ കെ.എം മാണി (ഫയൽ ചിത്രം)

തിരുവനന്തപുരം: കെ.എം.മാണിയുടെ വിടവാങ്ങലിലൂടെ കേരളകോൺഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വം ആരുടെ കൈയിൽ വരുമെന്ന് ചോദ്യമുയരുന്നു. പി.ടി.ചാക്കോ, കെ.എം.ജോർജ് തുടങ്ങിയ അതികായരുടെ കാലഘട്ടം കഴിഞ്ഞാണ് കേരള കോൺഗ്രസിന്റെ സമ്പൂർണ നേതൃത്വം കെ.എം. മാണിയിലേക്കെത്തുന്നത്. അതിനിടയ്ക്ക് പാർട്ടി ഒട്ടേറെ തവണ പിളരുകയും വീണ്ടും കൂടിച്ചേരുകയും ചെയ്തു. പി.ജെ.ജോസഫ്, ആർ.ബാലകൃഷ്ണപിള്ള, ടി.എം.ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പല കേരള കോൺഗ്രസുകളുണ്ടായി.

കെ.എം.ജോർജിന്റെ മകനായ ഫ്രാൻസിസ് ജോർജ്ജ്, പി.ടി.ചാക്കോയുടെ മകനായ പി.സി. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസുകളുണ്ട്. മാണി ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോൾ കരുണാകരന്റെ കൂടെയും മാണി യു.ഡി.എഫിലായിരുന്നപ്പോൾ ഇടതുമുന്നണിയിലും നിന്ന പി.ജെ.ജോസഫും മാണിയും പിന്നീട് ഒരുമിച്ചു.

തന്റെ പിൻഗാമിയായി മകൻ ജോസ് കെ.മാണിയെ വളർത്തിക്കൊണ്ടുവന്നെങ്കിലും പി.ജെ.ജോസഫ് കൂടി ഉൾപ്പെടുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ അതെത്രമാത്രം സ്വീകാര്യതയുളവാക്കുമെന്ന് ഇനി കണ്ടറിയണം.ബാങ്കുദ്യോഗസ്ഥനായിരുന്ന ജോസ് .കെ.മാണിയെ പാർട്ടിയിൽ കൊണ്ടുവന്ന് ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിപ്പിച്ചപ്പോൾ പാർട്ടിയിൽ എതിർപ്പുകളുയർന്നിരുന്നെങ്കിലും അത് പിന്നീട് കെട്ടടങ്ങി.

ഈ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ കോട്ടയം സീറ്രിൽ ആര് നിൽക്കണമെന്ന കാര്യത്തിൽ പാർട്ടിക്കകത്ത് രൂക്ഷമായ തർക്കമുണ്ടായി. ഒരു വേള മാണിഗ്രൂപ്പ് പിളരുമെന്ന അവസ്ഥവരെയുണ്ടായി. സ്ഥാനാർത്ഥിയാകാൻ പി.ജെ.ജോസഫ് തയ്യാറായി വന്നു. കോൺഗ്രസ് പിന്തുണയോടെ ജോസഫ് സ്വതന്ത്രനായി ഇടുക്കിയിൽ നിന്ന് മത്സരിക്കുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായി. എന്നാൽ അതെല്ലാം താത്കാലികമായി കെട്ടടങ്ങി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇക്കാര്യത്തിലുള്ള തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ ജോസഫ് വിഭാഗം തയ്യാറാകുമെന്ന അഭ്യൂഹം അതിനിടെ ഉയർന്നിരുന്നു.

കെ.എം. മാണിയുടെ വിയോഗത്തോടെ മകൻ ജോസ്.കെ.മാണി പാർട്ടി നേതൃത്വത്തിലെത്തുമെന്നാണ് സൂചന. എന്നാൽ പാർട്ടി നേതാക്കൾ ഈ നി‌ർദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. പ്രത്യേകിച്ചും ജോസഫ് വിഭാഗം നേതാക്കൾ. അതോടൊപ്പം മാണിഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ എന്തുനിലപാടെടുക്കും എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.