പേരാവൂർ: പേരാവൂർ മണ്ഡലത്തിലെ കുടിയേറ്റ മേഖലയിലേക്കുള്ള റോഡുകളിൽ മിക്കയിടത്തും ഫസ്റ്റ് ഗിയർ പോരാ......ചിലപ്പോൾ ഹൈ ഗിയർ തന്നെ വേണം. ചെങ്കുത്തായ കയറ്റമാണ്. എവിടെയൊക്കെ ഗിയർ കൃത്യമായി മാറ്റിക്കൊടുക്കണമെന്ന് ഇടതുസ്ഥാനാർത്ഥി പി.കെ.ശ്രീമതിയുടെ ഡ്രൈവർ ഷൈജുവിന് അറിയാം. എതിരാളിയുടെ കേന്ദ്രത്തിലാകുമ്പോൾ അൽപ്പം കൂടി ജാഗ്രതയോടെ വേണം ഡ്രൈവിംഗ്. കുടിയേറ്റ കർഷകന്റെ മനസ്സിലൂടെയാകണം സഞ്ചാരം.
മൂന്നാം വട്ടമാണ് ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ശ്രീമതി ചെങ്കുത്തായ മല കയറുന്നത്. മൂന്നാം വട്ടം എത്തുന്നതോടെ മലകയറ്റം അത്ര കഠിനമല്ലാതായിരിക്കുന്നു. ആദ്യം മലയോരം കയറിയെത്താൻ ടീച്ചർക്ക് ഇത്തിരി പ്രയാസമുണ്ടായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിലെത്തുമ്പോൾ കയറ്റം കുറയുന്നതു പോലെയുണ്ടെന്ന് വാഹനത്തിലുള്ളവർ, 'കയറ്റം കുറയുന്നതല്ല കുട്ടികളേ...... ജനങ്ങളുടെ മനസ്സിലേക്കാണ് ഈ യാത്ര. അവരുടെ സ്നേഹ സാന്നിദ്ധ്യം, അളന്നെടുക്കാനാകാത്ത ആത്മബന്ധവുമാണ് യാത്രയെ ഒരു സ്നേഹയാത്രയാക്കി മാറ്റുന്നത് "-കൂടെയുള്ളവരുടെ വാക്കുകൾക്ക് ടീച്ചറുടെ തിരുത്ത്.
പേരാവൂർ മണ്ഡലം പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്നതാണെങ്കിലും എവിടെയാെക്കെയോ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെന്ന് ഷൈജുവും അൻവീറും ഇടക്ക് പറഞ്ഞു.ആ മാറ്റം ടീച്ചറും ഉൾക്കൊള്ളുന്നുണ്ട്.
രാവിലെ എട്ടരയ്ക്ക് തുടങ്ങിയതാണ് യാത്ര. ആട്ട്യലത്തായിരുന്നു ആദ്യ സ്വീകരണം. പഴശ്ശി ഡാം പത്തൊമ്പതാം മൈലിൽ നിന്ന് സി.പി. എം ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സംഘത്തിന്റെ ബാൻഡ് മേളം. ആവേശക്കൊടുമുടിയിലെത്തിയ മേളത്തോടെ ടീച്ചറെ ആനയിച്ചു. യുവാക്കളുടെ സംഘം ടീച്ചറുടെ ചിത്രവും പാർട്ടി ചിഹ്നവും പതിച്ച ടീഷർട്ട് ധരിച്ച് ചുവപ്പ് റിബൺ കെട്ടുമായി ബൈക്ക് റാലിയിൽ അണി നിരന്നു. ആദ്യ സ്വീകരണ വേദിയായതിനാൽ ടീച്ചർ ഡബിൾ സ്ട്രോംഗ്. വെയിൽ ചൂടായി വരുന്നേയുള്ളൂ. സ്ത്രീകളും കുട്ടികളുമടക്കം വൻ സംഘം സ്വീകരിക്കാനെത്തിയിരുന്നു.
ഡി.വൈ. എഫ്. ഐ സംസ്ഥാന ജോയൻ്റ് സെക്രട്ടറി വി.കെ.സനോജ് കത്തിക്കയറുകയാണ്. അഞ്ച് വർഷത്തെ മോദി ഭരണം കുട്ടിച്ചോറാക്കിയ കർഷകരുടെ ജീവിതം തലനാരിഴ കീറി പരിശോധിച്ചാണ് പ്രസംഗം. അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിറുത്തി ടീച്ചർക്ക് വോട്ട് ചെയ്യണമെന്നു അഭ്യർഥിക്കുമ്പോഴേക്കും ടീച്ചർ ആൾക്കൂട്ടത്തിനിടയിലെത്തി. വിശാലമായ സ്റ്റേജ് ടീച്ചർക്കായി ഒരുക്കിയിരുന്നെങ്കിലും ആൾക്കൂട്ടത്തിൽ ചെന്നാണ് ടീച്ചർ പ്രസംഗിച്ചത്.
ഏതാനും വാക്കുകളിൽ വികസന നേട്ടങ്ങൾ നിരത്തിയായിരുന്നു ടീച്ചറുടെ പ്രസംഗം. കണ്ണൂരിന്റെ മുഖച്ഛായ മാറ്റിയ വിമാനത്താവളം, അഴീക്കൽ തുറമുഖ വികസനം, റെയിൽവെ സ്റ്റേഷൻ വികസനം തുടങ്ങിയവ എടുത്തു പറയുന്നതിനിടയിൽ സംസ്ഥാന സർക്കാരിന്റെ സാധാരണക്കാരന് ആശ്വാസകരമായ പെൻഷൻ പോലുള്ള ജനക്ഷേമ പദ്ധതികളെയും ചെറുവാക്കുകളിൽ ടീച്ചർ വിവരിച്ചു.
പ്രസംഗം പൂർത്തിയാക്കി അടുത്ത സ്വീകരണസ്ഥലത്തേക്ക്. ആക്കാംപറമ്പ് വഴിയിൽ കാത്തുനിന്ന ഒരു സംഘം ടീച്ചറുടെ അരികിലേക്ക് ഓടിയടുത്തു. വീട്ടിലെ പൂക്കൾകൊണ്ട് കോർത്തെടുത്ത മാല ടീച്ചറുടെ കഴുത്തിലണിയിക്കുകയായിരുന്നു അവർ. ആദ്യമായി വീട്ടിൽ പൂത്തു കായ്ച്ച മാമ്പഴം പെട്ടിയിലാക്കി നൽകാനും അവർ മറന്നില്ല. സ്വന്തം വീട്ടുകാരിയോടുള്ള സ്‌നേഹമാണ് അവർ ടീച്ചർക്കായി നൽകിയത്. ടീച്ചറെത്തുന്ന ഓരോ സ്വീകരണകേന്ദ്രവും കാത്തുവച്ചത് ഇതേ സ്‌നേഹം. നടുവനാട്ടും വൻജനാവലി ടീച്ചറെ വരവേറ്റു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള സമയം കൂടിയാണിതെന്ന് ഓർമിപ്പിക്കുന്നതായിരുന്നു നടവനാട്ടെ വരവേൽപ്. അതിനിടെ മസ്കറ്റിൽ നിന്നും അവധിക്കെത്തിയ നിഷാബിയും ടീച്ചറെ സ്വീകരിക്കാനെത്തി. . ഇനി ടീച്ചറെ ജയിപ്പിച്ചേ മടങ്ങുന്നുള്ളൂ. നിഷാബിയുടെ വാക്ക് കേട്ട ടീച്ചറുടെ മുഖത്ത് പുഞ്ചിരി. പുന്നാട്ടും വികാസ് നഗറിലും ഒരുക്കിയ സ്വീകരണത്തിലും വൻജനപങ്കാളിത്തമുണ്ടായി.ഇവിടെയായിരുന്നു ഉച്ച ഭക്ഷണം. കുറച്ചു നേരം വിശ്രമിച്ച ശേഷം പര്യടനം തുടർന്നു. പെരുമ്പറമ്പിലും പുതുശേരിയിലും വിളമനയിലും പെരിങ്കരിയിൽ തുടങ്ങി
ടീച്ചർ ചെല്ലുന്നിടത്തെല്ലാം അളവറ്റ സ്‌നേഹവായ്പുമായി ജനങ്ങൾ ഒത്തുചേർന്നു. വളയംചാലിൽ പര്യടനം സമാപിക്കുമ്പോൾ രാത്രി എട്ടര കഴിഞ്ഞിരുന്നു.