കാസർകോട് : പരിചയപ്പെടുത്തലുകളില്ല. സ്വീകരണസ്ഥലങ്ങളിലും പേരെടുത്ത് പറയാനുള്ളത്ര അടുപ്പമുണ്ട് സതീഷ് ചന്ദ്രന്. എസ്.എഫ്.ഐയിൽ തുടങ്ങി ഇളക്കിമറിച്ച സമരങ്ങളിലൂടെ ഡി.വൈ.എഫ്.ഐയെ നയിച്ച് കർഷകതൊഴിലാളി സംഘടനയുടെ അമരക്കാരനായി രണ്ട് തവണ നിയമസഭാംഗമായി സി.പി.എമ്മിനെ കാസർകോട് ജില്ലയിൽ നയിച്ച പൊതുജീവിതത്തിൽ കയറിച്ചെല്ലാത്ത ഗ്രാമങ്ങളില്ല . പേര് പ്രഖ്യാപിച്ച സമയം തൊട്ട് സോഷ്യൽ മീഡിയയും പൊതുയിടങ്ങളും സുസമ്മതനെന്ന് ആവർത്തിച്ചു പറഞ്ഞ സ്ഥാനാർത്ഥിത്വമാണ് ഇദ്ദേഹത്തിന്റേത്.
ഒരു ഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പൊക്കിപറയരുതെന്ന് എതിർമുന്നണിയുടെ ജില്ലയിലെ പ്രധാനനേതാവു തന്നെ സഹഭാരവാഹികളെ താക്കീതു ചെയ്യുക പോലുമുണ്ടായി. കൈകളും തലയും ചലിപ്പിച്ചുകൊണ്ട് ചടുലമായ പ്രസംഗമാണ് സതീഷ് ചന്ദ്രന്റേത്. എതിരാളികളെ ഒരിക്കലും വ്യക്തിപരമായി ആക്രമിക്കില്ല. സംഘടനയ്ക്ക് വേണ്ടുന്നതെല്ലാം പറയുകയും ചെയ്യും.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മൂന്ന് ഘട്ടങ്ങളായുള്ള പ്രചാരണ പ്രവർത്തനം പൂർത്തിയാക്കിയ സ്ഥാനാർത്ഥി ലോകസഭാ മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. പുത്തിഗെയിലെ ചുവന്ന ഗ്രാമമായ ഖത്തീബ് നഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ഥാനാർത്ഥിയെ കണ്ടത്. ഖത്തീബ്‌നഗർ ചെങ്കൊടികളാലും അലങ്കാരങ്ങളാലും ചുവന്നിട്ടുണ്ട് സ്വീകരണസ്ഥലം. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ എ .കെ .ജി എത്തിയപ്പോൾ വഴികാട്ടിയായി ഉണ്ടായിരുന്ന യു അബ്ദുൾ റഹ്മാൻ , ബി കെ മാസ്റ്റർ, കെ എസ് അബ്ദുറഹ്മാൻ, വൈ അനന്തൻ, ഡി. കുമാരൻ അടക്കമുള്ളവർ സന്നിഹിതരായിട്ടുണ്ട്.
നരേന്ദ്രമോദി സർക്കാരിന്റെ പൊള്ളത്തരങ്ങളും എൽ .ഡി .എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും ഒരു ക്ളാസ് കൈകാര്യം ചെയ്യുന്നതുപോലെ വിശദീകരിക്കുകയാണ് സി. പി.എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ .തൊഴിലാളികൾക്കുള്ള ആറു മാസത്തെ കുടിശ്ശിക അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം നടത്തിയ ഇടപെട്ടാണ്. കേന്ദ്രം തന്നില്ലെങ്കിൽ തങ്ങൾ ഇപ്പോൾ കൊടുക്കാമെന്നും കേന്ദ്രം പിന്നീട് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞപ്.പോഴാണ് കേന്ദ്രം വഴങ്ങിയത്. കാസർകോട് യു.ഡി.എഫിന് കിട്ടുമെന്ന സർവേഫലം. പച്ചക്കള്ളമാണ്. 15 തെരഞ്ഞെടുപ്പിൽ 12 തവണയും എൽ.ഡിഎഫ് ജയിച്ച മണ്ഡലമാണിത്. തുടർന്ന് സംസാരിച്ച ടി.വി.രാജേഷ് എം.എൽ.എ സർവെക്കാർക്കെതിരെ രൂക്ഷവിമർശനം നടത്തുന്നതിനിടെയാണ് സ്ഥാനാർത്ഥിയുടെ വാഹനം എത്തിയത്. ചുവന്ന മുണ്ടുടുത്ത യുവാക്കൾ സ്ഥാനാർത്ഥിയെ ആനയിച്ചാണ് വേദിക്കരികിലേക്ക് കൊണ്ടുവന്നത്. മുദ്രാവാക്യത്തിന്റെയും പടക്കത്തിന്റെ പെരുക്കം.
നാടിന്റെ വികസനവും രാഷ്ട്രീയവും പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളും തന്നെയാണ് സ്ഥാനാർത്ഥിയുടെ വിഷയം. വാചക കസർത്ത് മാത്രം നടത്തി ആളുകളെ പറ്റിക്കുന്നവരാണ് എതിരാളികൾ. ഇവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല. ഞാൻ ജയിച്ചു വന്നാൽ എന്നും നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകും. പി കരുണാകരൻ എം പി 15 വർഷമായി നടത്തിവന്നിരുന്ന വികസന മുന്നേറ്റങ്ങളുടെ വലിയ തുടർച്ച എന്റെ ഭാഗത്ത് നിന്നുണ്ടാകും. മണ്ഡലത്തിന് കിട്ടേണ്ടുന്ന മുഴുവൻ പദ്ധതികളും കണക്കുപറഞ്ഞു വാങ്ങി നടപ്പിലാക്കാൻ ഞാനും എന്റെ പാർട്ടിയും മുന്നണിയും ജനങ്ങളുടെ കൂടെ തന്നെയുണ്ടാകും
ഉച്ചക്ക് ശേഷം പെർളയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ഇതിന് ശേഷം വ്യക്തികളെ കണ്ടും കുടുംബയോഗങ്ങളിൽ പങ്കെടുത്തുമുള്ള പ്രചാരണമായിരുന്നു. മലയോര ഹൈവേ തുടങ്ങുന്ന കർണാടക അതിർത്തിയിലെ നന്ദാരപദവ്, ബോട്ടോടി, മീഞ്ച ബട്ട്യപദവ്, മിയാപദവ് എന്നിവിടങ്ങളിൽ കർഷകരെയും പൗരപ്രമുഖരെയും കണ്ടു. കൊമ്മംഗള, അട്ടഗോളി എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. പൈവളിഗെ രക്തസാക്ഷികളുടെ സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പരേതനായ യു കൃഷ്ണഷെട്ടിയുടെ വീട്ടിലും സ്ഥാനാർത്ഥി എത്തി. ഉപ്പളയിൽ നടന്ന ഇടതുയുവജന സംഘടനകളുടെ 'യങ് ഇന്ത്യ വാക്‌സിലും പങ്കെടുത്തു.