ഈ വേനലവധിക്കാലത്ത് നാടെങ്ങും പന്തുകളി തകർക്കുകയാണ്. പന്തുകളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിശ്വാസം ഉണ്ടെന്ന് ഇതുവരെ കേട്ടിട്ടില്ല. എന്നാൽ, അത്തരമൊരു വിശ്വാസമുള്ള ഇടമുണ്ട്. കേട്ടിട്ട് അത്ഭുതപ്പെടണ്ട. മൊറോക്കോയിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന ഒരു വിശ്വാസം. അതെന്താണെന്നല്ലേ.. പന്തുകളിച്ചാൽ മഴ പെയ്യും! കാർഷിക സംസ്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പന്തുകളി.
നൃത്തം ചെയ്തായിരുന്നു ഈ പന്തുകളി. അതൊരു കടുത്ത വരൾച്ചാക്കാലത്താണ് മൊറോക്കോക്കാർ നടത്തിയത്. പാടങ്ങളിൽ അഗ്രം വളഞ്ഞ കമ്പുകൊണ്ട് പന്ത് അതിവേഗം തട്ടിത്തട്ടിമാറ്റിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. ഈ ചലനം മേഘങ്ങളെ സ്വാധീനിക്കുമെന്നും അങ്ങനെ മഴയുണ്ടാകുമെന്നുമായിരുന്നു അവരുടെ വിശ്വാസം.
ഓസ്ട്രേലിയയിലുമുണ്ട് ഇങ്ങനെയൊരു വിശ്വാസം. മഴ പെയ്യാൻ ചില പ്രത്യേക വർഗക്കാർ ശരീരത്തിലെ പേശികൾ ചലിപ്പിച്ചു ഒരു നൃത്തംചെയ്യും. അതിവേഗമുള്ള ഇവരുടെ ചലനങ്ങൾ മഴ മേഘങ്ങളെ സ്വാധീനിക്കുമെന്നാണ് അവർ വിശ്വസിച്ചിരുന്നത്. നൃത്തം ചെയ്തില്ലെങ്കിൽ വിളവു നശിക്കുമെന്ന വിശ്വാസം അന്നവർക്കിടയിലുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ ആചാരപൂർവം അവർ നടത്തുന്ന ചടങ്ങുകളാണിവയെല്ലാം.