കാഞ്ഞങ്ങാട്: ചിത്താരി ചേറ്റുകുണ്ടിൽ വനിതാമതിലിൽ പങ്കെടുത്ത് തിരിച്ചു പോവുന്നവരുടെ വാഹനങ്ങൾ തകർത്ത കേസിൽ 8 ബി.ജെ.പി പ്രവർത്തകർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചേറ്റുകുണ്ട് മെട്ടമ്മലിലെ എം. രാഗേഷ്(22), അനിൽകുമാർ(30),ചിത്താരി കടപ്പുറത്തെ കെ.ആർ ഹരീശൻ(40), പൊയ്യക്കര കല്ലിങ്കാലിലെ സതീശൻ(38), ചിത്താരി കടപ്പുറം പാടിയിലെ പി. അജിത്(30), സി.കെ അഖിൽ(30), കെ. പ്രവീൺ(28), സുനിൽകുമാർ(29) എന്നിവർക്കെതിരെയാണ് സി.ഐ വിശ്വംഭരൻ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്. ചേറ്റുകുണ്ടിൽ വനിതാമതിലിൽ പങ്കെടുത്ത് തിരിച്ചു പോവുകയായിരുന്ന പ്രവർത്തകർ സഞ്ചരിച്ച കാറുകളാണ് തകർക്കപെട്ടത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്..

മോഷണ കേസിലെ പ്രതിക്ക്

തടവും പിഴയും

കാഞ്ഞങ്ങാട്: കടയുടെ ചില്ലുതകർത്ത് അകത്ത് കടന്ന് പണവും ഫോണും മോഷ്ടിച്ച കേസിൽ പ്രതിയെ കോടതി മൂന്നു വർഷത്തെ തടവിനും നാലായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം കരമന കാലടി ചുള്ളി നിലക്കത്ത് വീട്ടിൽ വി. അനൂപിനെ(36)യാണ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ശിക്ഷിച്ചത്. കോട്ടച്ചേരി സർജികെയർ അശുപത്രിക്ക് സമീപത്തെ ഡബ്ല്യു.എസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. 2018 ആഗസ്റ്റ് 26 നാണ് കേസിനാസ്പദമായ സംഭവം. കടയിൽ നിന്ന് 6500 രൂപയും 1500 രൂപ വിലവരുന്ന ഫോണുകൾ അടങ്ങിയ ബാഗാണ് മോഷണം പോയത്. കൊളവയലിലെ ഡി.വി മനീഷിന്റെതാണ് സ്ഥാപനം.