മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വെടിയുണ്ടയുമായി പിടിയിലായയാളെ വ്യാജ നികുതിശീട്ട് ഉപയോഗിച്ചു ജാമ്യത്തിലിറക്കാൻ കോടതി​യി​ലെത്തി​യ തി​രുവനന്തപുരം സ്വദേശി​യെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം നേമം വെള്ളയാനിയിലെ എ.നാദിർഷ (56) യെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നാലാം തീയതി കണ്ണൂർ വിമാനത്താവളത്തിൽ വച്ചു വെടിയുണ്ടയുമായി എയർപോർട്ട് പൊലീസ് അറസ്റ്റു ചെയ്ത മഹാരാഷ്ട്ര നാസി​ക്കിലെ ശാന്തിനു യാദവിനെ (51) ജാമ്യത്തിലിറക്കാൻ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയതായിരുന്നു നാദിർഷ. വ്യാജ നികുതി ശീട്ട് നിർമ്മി​ച്ച് കോടതിയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റി​ൽ സംശയം തോന്നിയതിനെ തുടർന്ന് കോടതി സൂപ്രണ്ട് പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് മട്ടന്നൂർ എസ്‌ഐ ടി.വി.ധനഞ്ജയദാസും സംഘവും കോടതിയിലെത്തി നാദിർഷയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ നികുതിശീട്ട് ഉപയോഗിച്ച് കോടതിയെ കബളിപ്പിച്ചതിനാണ് കേസ്.

ഏപ്രി​ൽ നാലി​ന് വൈകിട്ട് 3.55 ന്റെ ഗോ എയർ വിമാനത്തിൽ മുംബൈയിലേക്ക് പോകുന്നതിനാണ് ശാന്തിനു യാദവ് വിമാനത്താവളത്തിലെത്തിയത്. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ വച്ചു സി.ഐ.എസ്.എഫ് പരിശോധന നടത്തുന്നതിനിടെയാണ് ശാന്തിനു യാദവിന്റെ ബാഗിൽ നിന്ന് ഒരു വെടിയുണ്ട കണ്ടെത്തിയത്. തുടർന്നു ഇയാളെ എയർപോർട്ട് പോലീസിന് കൈമാറുകയായിരുന്നു. ഇയാൾ റിമാൻഡി​ലാണ്.