തളിപ്പറമ്പ്: സുധാകരന്റെ പ്രചാരണമെന്നാൽ കാടിളക്കിയുള്ള പുറപ്പാട് തന്നെയാണ്. അതും എതിരാളികളെ അവരുടെ കോട്ടയിൽ ചെന്ന് നേരിടണമെന്ന് നിർബന്ധം.പോകുന്നത് സ്വന്തം തട്ടകത്തിൽ നിന്ന് എതിരാളികളുടെ കേന്ദ്രത്തിലേക്ക് എത്തുമ്പോൾ പ്രചാരണത്തിന്റെ രീതി മാറും. പ്രസംഗത്തിന് ചൂടുപിടിക്കും. ചലനങ്ങളിൽ തീക്കാറ്റ് വീശും. ആകെ കൂടി ഒരു ആക്ഷൻ ചിത്രത്തിന്റെ പൊടിപൂരം.

സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് തുടക്കം. കടമ്പേരി അയ്യങ്കോലിൽ വലിയ ആൾക്കൂട്ടമൊന്നുമില്ലായിരുന്നു. ഏതാനും ചില യു.ഡി.. എഫ് പ്രവർത്തകർ മാത്രം. വഴിയോരത്തും കടത്തിണ്ണകളിലും ഓരം ചാരി നിന്ന് കുറച്ചു പേരുണ്ട്. സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ ഉദ്ഘാടനപ്രസംഗം.

അപ്പോഴേക്കും അനൗൺസ് മെന്റ് എത്തി. കണ്ണൂരിന്റെ പൊന്നോമന പുത്രൻ യു.ഡി.എഫ് സ്ഥാനാർഥി കെ.. സുധാകരൻ ഇതാ ഇതുവഴി കടന്നുവരുന്നു.അറിയിപ്പ് കേട്ടതോടെ നാനാഭാഗത്തു നിന്നും ജനം ഒഴുകിയെത്തി. . തുറന്ന വാഹനത്തിൽ നിന്ന് സ്ഥാനാർത്ഥി ജനങ്ങളിലേക്ക്. ത്രിവർണ ഷാൾ അറിയിച്ചും റിബൺ മാല ചാർത്തിയും പനിനീർപ്പൂ നൽകിയും നാട്ടുകാർ സ്ഥാനാർഥിയെ സ്വീകരിച്ചു.

നിരവധി ബൈക്കുകളിൽപതാകയുമേന്തി യുവാക്കളും ഒപ്പമുണ്ട്. മൈക്കിനു മുന്നിലെത്തിയതോടെ സുധാകരൻ വാക്കുകളിലൂടെ ജ്വലിച്ചുതുടങ്ങി.

പിണറായിക്കെതിരെയാണ് ആദ്യം തന്നെ. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഒരു നേട്ടവും പറയാനില്ലാത്ത ഭരണമാണ് സംസ്ഥാനത്ത്. ശബരിമല വിഷയത്തിലടക്കം എല്ലാ കാര്യങ്ങളിലും സർക്കാരിന് വീഴ്ചകളായിരുന്നു. നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് കോലീബി സഖ്യമെന്ന പതിവ് ആരോപണവുമായി സി..പി..എം രംഗത്തെത്തിയത്. ബി..ജെ.പിയുമായി എന്നും ബന്ധം പുലർത്തിയിരുന്നത് സി..പി..എമ്മാണെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്നും സ്ഥാനാർത്ഥി പറഞ്ഞു.

സി..പി.. എം സ്വാധീനമേഖലയായ മയ്യിൽ, മലപ്പട്ടം, ചെക്കിക്കുളം, കുറ്റ്യാട്ടൂർ എന്നീ പ്രദേശങ്ങളിലും വൻവരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. വഴിയരികിൽ കാത്തുനിന്നവരും മറ്റും സ്ഥാനാർഥിയെ കൈവീശി അഭിവാദ്യം ചെയ്തു.
ഇടത് സർക്കാർ അധികാരമേറ്റെടുത്ത് ആയിരം ദിനം പൂർത്തിയാകുമ്പോൾ ഇവിടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണൂനീർ വീഴ്ത്തുകയല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഓഖി ദുരന്തത്തിലും പ്രളയ ദുരന്തത്തിലും കൊലപാതക രാഷ്ട്രീയത്തിനിരയായവരുടെയും കുടുംബങ്ങൾ കണ്ണീരില്ലാത്ത ഒരു ദിവസം കഴിഞ്ഞിട്ടുണ്ടോയെന്നുമാണ് സുധാകരന്റെചോദ്യം. രാജ്യത്തെ വ്യവസായിക,തൊഴിൽ മേഖലയാകെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുന്നു. യുവാക്കൾ തൊഴിലില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ വലയുന്നു. രാജ്യത്തെ ജനങ്ങൾക്ക് ബാധ്യതയായിരിക്കുകയാണെന്നാണ് കേന്ദ്രഭരണത്തിനെതിരെ സുധാകരന്റെ വിമർശനം.

സി..പി.എമ്മിന്റെ മറ്റൊരു ശക്തികേന്ദ്രമായ മയ്യിലിലെത്തിയപ്പോൾ പ്രസംഗം ഒന്നു പരിഷ്കരിച്ചു. കോൺഗ്രസ് മുക്തഭാരതമാണ് മോദിയുടെ ലക്ഷ്യമെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് പിണറായിയുടെ ലക്ഷ്യം .സി..പി.. എമ്മും ബി..ജെ..പിയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പിന്തുടരുന്നുവെന്നാണ് സുധാകരന്റെ വിമർശനം.

പ്രസംഗം അവസാനിക്കുമ്പോൾ മാമ്പഴവും ഇളനീരുമായി പ്രവർത്തകരെത്തി. കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ പേരും പെരുമയും പ്രവർത്തകരോട് പങ്കുവച്ച ശേഷം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. കോൺഗ്രസിന്റെ ബാലികേറാമലയായ മലപ്പട്ടത്താണ് അടുത്ത സ്വീകരണം. ഇടതുമുന്നണി സ്ഥാനാർഥിയുടെ കൂറ്റൻ കട്ടൗട്ടുകളും ഹോർഡിംഗും മലപ്പട്ടത്തെ ചുമരുകളിൽ നിറഞ്ഞിരുന്നു. ചില പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് കോടിക്കണക്കിന് രൂപയ്ക്ക് കരാർ നൽകിയിരിക്കയാണ് .. അവർ ചെലവഴിക്കുന്നതു പോലെ എനിക്ക് ചെലവഴിക്കാനില്ല. അതിനു മാത്രമുള്ള കപ്പാസിറ്റി എനിക്കും എന്റെ പാർട്ടിക്കുമില്ല- സുധാകരന്റെ വാക്കുകളിൽ എതിരാളികളോടുള്ള അമർഷം.

പ്രവർത്തകരാണ് തന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. അവരിലുള്ള വിശ്വാസമാണ് തന്റെ വിജയം. പ്രചരണത്തിന് പോയ കേന്ദ്രങ്ങളിലെ വൻജനപങ്കാളിത്തം ആവേശം പകരുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു..

പള്ളിപ്പറമ്പ്, ചേലേരി മുക്ക്, കമ്പിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പാമ്പുരുത്തിയിൽ സമാപിക്കുമ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു.