മാഹി: മാഹിക്കും കേരളത്തിനുമിടയിലുള്ള പൂഴിത്തല അതിർത്തി റോഡിലൂടെ ഉച്ചഭാഷിണിയിൽ പ്രചരണം നടത്തുകയായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകരെ മാഹി പൊലീസ് പിടികൂടി കേസെടുത്തു. ഈസ്റ്റ് പളളൂരിൽ അതിർത്തിയറിയാതെ മാഹിയിൽ പെട്ട സ്ഥലത്ത് പോസ്റ്റർ ഒട്ടിച്ച സംഭവത്തിലും പൊലീസ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കെതിരെ കേസെടുത്തു.
ഒരടി നീളവും ഒരടി വീതിയുമുള്ള കൊടി മാത്രമേ പാടുള്ളൂ. കൊടി കെട്ടാനുള്ള കമ്പിന്റെ നീളം മൂന്നടിക്ക് മീതെ പാടില്ല. പ്രചരണ വാഹനത്തിൽ രണ്ട് സ്റ്റിക്കർ മാത്രമേ അനുവദിക്കുകയുള്ളൂ. ചിഹ്നങ്ങളോ, സ്ഥാനാർത്ഥിയുടെ പടങ്ങളോ ആലേഖനം ചെയ്ത ടീ ഷർട്ട്, സാരി എന്നിവ ഉപയോഗിക്കാൻ പാടില്ല. ഒരു ജാഥയിൽ 4: 6 അടി മാത്രമുള്ള ഒരു ബാനർ മാത്രമേ പാടുള്ളൂ. സ്ഥാനാർത്ഥിക്കൊപ്പം പരമാവധി 10 വാഹനങ്ങൾ മാത്രമേ പാടുള്ളൂ. ഇതിനൊക്കെ ഇലക്‌ഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങിയിരിക്കണം. 48 മണിക്കൂർ മുമ്പ് അനുമതി വാങ്ങിയതിന് ശേഷമേ പ്രകടനമോ, പൊതുയോഗമോ നടത്താൻ പാടുള്ളൂ.
വീട്ടിൽ കല്യാണമോ, ഗൃഹപ്രവേശനമോ നടത്തുന്നത് പോലും മുൻകൂട്ടി അറിയിച്ചിരിക്കണം. ഇവ വീഡിയോ കവർ ചെയ്യാൻ ഉദ്യോഗസ്ഥരെത്തും.ആറ് മണി മുതൽ 10 മണി വരെ മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂർ. പെട്രോൾ പമ്പുകളിൽ നിന്ന് കാനുകളിലും കുപ്പികളിലും ഇന്ധനം ലഭിക്കില്ല. പൊതുസ്ഥലത്ത് മാത്രമല്ല സ്വകാര്യ സ്ഥലത്തും കൊടിതോരണങ്ങൾ അനുവദനീയമല്ല. ഇങ്ങനെ പോകുന്നു നിബന്ധനകൾ.അതിർത്തികളിലെല്ലാം താത്ക്കാലിക ചെക്ക് പോസ്റ്റുകളുണ്ട്. പോരാത്തതിന് ഫ്‌ളയിംഗ് സ്‌ക്വാഡുകളും. എവിടേയും കാമറയുമായി ഉദ്യോഗസ്ഥർ സഞ്ചരിക്കുകയാണ്. പണവും മദ്യവും ഒഴുകുന്നത് തടയാൻ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വരെ മൂന്ന് ഡസനോളം പടക്കക്കടകൾ വിഷുവിന് പ്രവർത്തിച്ചിരുന്നു. ഇത്തവണ പടക്കം തന്നെ നിരോധിച്ചതായിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പത്ത് പടക്കക്കടകൾക്ക് ഏപ്രിൽ ഒന്നു മുതൽ 15 വരെ അനുമതി നൽകി. സ്റ്റോക്കും വിൽപ്പനയുമെല്ലാം കാമറക്കണ്ണുകളിൽ പതിയും. നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരുമുണ്ട്. ഇലക്‌ഷൻ വിശേഷങ്ങൾ പകർത്തുവാനെത്തിയ ദേശീയ ചാനലുകാരുടെ വാഹനം പോലും പൊലീസ് സ്റ്റേഷൻ കയറേണ്ടി വന്നു.