പേരാവൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി . എഫിന് എന്നും ലീഡ് നൽകിയ മണ്ഡലമാണ് പേരാവൂർ മണ്ഡലം. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അതുണ്ടായില്ല. കോൺസിന്റെ ശക്തികേന്ദ്രങ്ങളിലായിരുന്നു വോട്ടുചോർച്ച. കസ്തൂരിരംഗൻ റിപ്പോർട്ട് കൊട്ടിയൂർ മേഖലയിൽ യു.ഡി എഫിന് കാര്യമായി ക്ഷീണം ചെയ്തു. ഇത് ശരിക്കും മുതലെടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് വിജയിച്ചു. അയ്യൻങ്കുന്ന് പഞ്ചായത്തിൽ നിന്ന് സുധാകരന് വോട്ട് കുറവായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്ന് പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതാണ് സുധാകരൻ പരാജയപ്പെടുവാൻ കാരണമായതെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. പിന്നിട് 2016ൽ സണ്ണി ജോസഫ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പേരാവൂർ തങ്ങളുടെ ശക്തികേന്ദ്രമാണെന്ന് തെളിച്ചു. മുൻ കോൺഗ്രസുകാരനായ എൻ.ഡി.എ സ്ഥാനാർത്ഥി പൈലി വാത്യാട്ട് ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ച് വിജയിക്കുകയായിരുന്നു. ഒമ്പതിനായിരത്തിൽപരം വോട്ട് പൈലി വാത്യാട്ട് പിടിച്ചിട്ടും സണ്ണിവക്കീലിന് എണ്ണായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
കഴിഞ്ഞതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പേരാവൂർ മണ്ഡലം പിടിക്കാൻ കഴിയും എന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു പക്ഷെ, ഫലം വന്നപ്പോൾ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയർന്നത് അവരെ ശരിക്കും ഞെട്ടിച്ചു. മണ്ഡലത്തിൽ തങ്ങൾക്ക് ഇത്രയും അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. 20,000 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ പേരാവൂർ ഇത്തവണ തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വാദം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും പി.കെ ശ്രീമതി മണ്ഡലത്തിൻ നടത്തിയ വികസന പ്രവർത്തനങ്ങളും ഉയർത്തി പ്രചരണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു. കുടുംബയോഗം, സ്‌ക്വാഡ് പ്രവർത്തനം, പ്രചരണ റാലികൾ എന്നിവയുടെ കാര്യത്തിൽ എൽ.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടു നേടി പേരാവൂരിൽ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് അവരുടെ പ്രവർത്തനം.
ഇരിട്ടി നഗരസഭ,പായം, മുഴക്കുന്ന്, പേരാവൂർ, കേളകം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് ഭരണം.
കണിച്ചാർ, അയ്യൻകുന്ന്,കൊട്ടിയൂർ, ആറളം, എന്നീ പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു.