കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികൾക്കുള്ള സി വിജിൽ (സിറ്റിസൺസ് വിജിൽ) ആപ്ലിക്കേഷനിലൂടെ കാസർകോട് ജില്ലയിൽ ഇതുവരെ പരിഹരിച്ചത് 1334 പരാതികൾ. ഇന്നലെ ഉച്ചവരെയുള്ള കണക്കാണിത്.
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്റർ, ബാനർ, കൊടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു ലഭിച്ച പരാതികളിൽ ഏറെയും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ അനുവാദമില്ലാതെ സ്ഥാപിച്ചതിനെതിരേയും പരാതിയുണ്ടായിരുന്നു.
ചട്ടലംഘനം കണ്ടാൽ മൊബൈലിൽ ഫോട്ടോയോ വീഡിയോ പകർത്തി ആപ്പ് വഴി ജില്ലാ തിരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് നിയമസഭാ മണ്ഡലം സ്‌ക്വാഡുകൾക്ക് കൈമാറും. സ്‌ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച് പരാതിക്കാരനെ വിവരം അറിയിക്കും.
ആപ്ലിക്കേഷന്റെ പ്രവർത്തനം
ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ചട്ട ലംഘനം നടന്ന സ്ഥലം കണ്ടെത്താം. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ വോട്ടർക്ക് കഴിയും. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ചട്ട ലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ഈ ആപ്പ് വഴി അയക്കാൻ സാധിക്കൂ. കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ വ്യാജമായ പരാതികൾ ഒഴിവാക്കാൻ കഴിയും. തുടർച്ചയായി അഞ്ചു മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവർത്തിക്കു. അഞ്ചു മിനുട്ട് കഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി അഞ്ചു മിനുറ്റിൽ ഒതുക്കി പകർത്തി അയയ്‌ക്കേണ്ടി വരും.
സി വിജിൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭിക്കും
www.ceo.kerala.gov.in/home.
പരാതികൾ അറിയിക്കാൻ 04994-255825, 04994-255676, 1950