കണ്ണൂർ :ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ സിവിജിൽ മൊബൈൽ ആപ്പിൽ പരാതി പ്രളയം. ജില്ലയിൽ നിന്നും അയ്യായിരത്തോളം പരാതികളാണ് ആപ്പ് വഴി ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പതിച്ച പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ, സ്തൂപങ്ങൾ, ചുമരെഴുത്തുകൾ, പണം കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സിവിജിലിൽ കൂടുതലായും ലഭിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളിൽ 4656 എണ്ണത്തിൽ നടപടികൾ കൈകൊള്ളുകയും 192 പരാതികൾ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒഴിവാക്കുകയും ചെയ്തു. 4034 പരാതികളിൽ 100 മിനിറ്റിനുള്ളിൽ തന്നെ നടപടി സ്വീകരിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവുകൾ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പപ്പോൾ അധികൃതരെ അറിയിക്കാനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിവിജിൽ ആപ്ലിക്കേഷനിലൂടെ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ആപ്പ് വഴി പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ അധികൃതരെ അറിയിക്കാം. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടിൽ കൂടാത്ത വീഡിയോ എന്നിവ സഹിതം ഒരു ചെറു കുറിപ്പോടെയാണ് പരാതികൾ നൽകേണ്ടത്. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ പരാതി നൽകാനുള്ള സംവിധാനവും സിവിജിൽ ആപ്പിലുണ്ട്.

കൂടുതൽ മട്ടന്നൂരിൽ

മട്ടന്നൂർ മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത് 878 എണ്ണം. 76 പരാതികൾ ലഭിച്ച തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. പയ്യന്നൂർ 247, കല്യാശ്ശേരി 571, തളിപ്പറമ്പ് 271, ഇരിക്കൂർ 471, അഴീക്കോട് 516, കണ്ണൂർ 625, ധർമടം 372, കൂത്തുപറമ്പ് 334, പേരാവൂർ 530 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ.

തെരഞ്ഞെടുപ്പ്: 22 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
കണ്ണൂർ:തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് സെക്ടർ തലത്തിൽ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെട്ട സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ഉത്തരവായി. ഓരോ നിയമസഭാ മണ്ഡലത്തിലേക്കും രണ്ടു പേർ എന്ന തോതിൽ 22 സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചുമതല നൽകിയിരിക്കുന്നത്.