പയ്യന്നൂർ: ചരിത്രത്തിൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തുല്യ പാരമ്പര്യമുള്ള പ്രദേശമാണ് പയ്യന്നൂർ.സ്വാതന്ത്ര്യ ദേശീയ പ്രസ്ഥാനത്തിന്റെ ഉജ്ജ്വലമായ സമരങ്ങൾ നടന്നതും ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് പവിത്രവുമായ സ്ഥലം.
സ്മരണകളിൽ എന്നും ആവേശമുണർത്തുന്ന കമ്മ്യൂണിസ്റ്റ് കർഷക സമരങ്ങളും വിപ്ലവ പോരാട്ടങ്ങളും നടന്ന സ്ഥലം. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പരമ്പര്യം ഒരു പോലെ എടുത്ത് പറയാകുമെങ്കിലും രാഷ്ട്രീയത്തിൽ പയ്യന്നൂർ ആർക്കും ഭേദിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇടത് കോട്ടയാണ്. സംസ്ഥാനത്ത് ഇടത് പക്ഷത്തിന്റെ ഉറച്ച് പറയാവുന്ന സീറ്റുകളിലൊന്നാണിത്. അസംബ്ലി മണ്ഡലം രൂപീകൃതമായ 1965 ൽ മുതൽ ഇവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പ്രതിനിധികൾ മാത്രമെ തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളുവെന്നത് തന്നെ ഇതിന് ഏറ്റവും വലിയ തെളിവ്. പയ്യന്നൂർ നഗരസഭക്ക് പുറമെ കരിവെള്ളൂർ പെരളം, കാങ്കോൽആലപ്പടമ്പ്, എരമം കുറ്റൂർ,
പെരിങ്ങോം വയക്കര , രാമന്തളി ,ചെറുപുഴ എന്നീ ആറ് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പയ്യന്നൂർ അസംബ്ലി നിയോജക മണ്ഡലം.ഇതിൽ ചെറുപുഴ ഒഴികെ ബാക്കിയുള്ള അഞ്ച് പഞ്ചായത്തുകളിലും പയ്യന്നൂർ നഗരസഭയിലും ഇടത് മുന്നണി ഭരണമാണുള്ളത്.
മണ്ഡലം രൂപീകൃതമായ 1965ലും 67 ലും 77 ലും കരിവെള്ളൂർ സമരനായകൻ എ.വി.കുഞ്ഞമ്പുവാണ് തെരഞ്ഞെടുക്കപ്പെട്ടത്. 77 ലും 80 ലും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പോരാളിയുമായ എൻ.സുബ്രഹ്മണ്യ ഷേണായിയാണ് നിയമസഭയിലെത്തിയത്. 82ൽ എം.വി.രാഘവൻ, 87ലും 91 ലും സി.പി.നാരായണൻ, 96 ൽ പിണറായി വിജയൻ , 2001ലും 2006 ലും പി.കെ.ശ്രീമതി ടീച്ചർ
എന്നിവരാണ് നിയമസഭാ സാമാജികരായത്.2011ലും 2016 ലും നടന്ന തെരഞ്ഞെടുപ്പിൽ നിലവിലുള്ള എം.എൽ.എ , സി. കൃഷ്‌നാണ് വിജയിച്ചത്. കഴിഞ്ഞ (2016) നിയമസഭ തെരഞ്ഞെടുപ്പിൽ 40263 വോട്ട് ഭൂരിപക്ഷം നേടിയാണ് സി. കൃഷ്ണൻ നിയമസഭയിലെത്തിയത്.
ഈ പ്രാവശ്യം കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ഇടത് പക്ഷ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.പി സതീഷ് ചന്ദ്രൻ പയ്യന്നൂരിന് സുപരിചിതനാണ്. പിണറായി വിജയൻ സർക്കാറിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ പയ്യന്നൂർ മണ്ഡലത്തിൽ
സി. കൃഷ്ണൻ എം.എൽ.എ. നടത്തിയ 550 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും ഇതുവരെ മണ്ഡലത്തിലെ ജനങ്ങൾ പിൻതുടർന്നു വന്ന ഇടത് പാരമ്പര്യവും ജനപിന്തുണയും കണക്കിലെടുത്ത് കെ.പി.സതീഷ് ചന്ദ്രന്റെ വിജയശതമാനം 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാൾ വർദ്ധിപ്പിക്കാനുള്ള ചിട്ടയായ പ്രവർത്തനത്തിലാണ് ഇടത് മുന്നണി. രാജ് മോഹൻ ഉണ്ണിത്താന്റെ സംസ്ഥാന തലത്തിലുള്ള പ്രശസ്തിയും വാക് സാമർത്ഥ്യവും കേന്ദ്രത്തിൽ ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസും കേരളത്തിൽ യു.ഡി.എഫും വിജയിക്കേണ്ട ആവശ്യകതയും ഊന്നിപ്പറഞ്ഞുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് യു.ഡി.എഫ് എൽ.ഡി.എഫിനെ മറികടക്കാനായില്ലെങ്കിലും 2016ൽ സാജിദ് മൗവ്വലിന് ലഭിച്ച 42963 വോട്ടിൽ വലിയ വർദ്ധനവ് വരുത്തി എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുടെ നിലവിലുള്ള ഭൂരിപക്ഷത്തിൽ കുറവ് വരുത്താനാകുമെന്ന കണക്ക് കൂട്ടലിലാണ് അവരുള്ളത്.
എൻ.ഡി.എ.സ്ഥാനാർത്ഥിയായി ബി.ജെ.പി.യിലെ രമേശ് തന്ത്രി കുണ്ടാറാണ് മത്സര രംഗത്തുള്ളത്.
കാസർകോട് സ്വദേശിയായ ഇദ്ദേഹം മണ്ഡലത്തിന് അത്ര സുപരിചതനല്ലെങ്കിലും പൊതു പര്യടനത്തിലൂടെയും ഗൃഹസന്ദർശനത്തിലൂടെയും മറ്റും ഈ പരിമിതി മറികടക്കാനുള്ള പ്രവർത്തനത്തിലാണ് അവർ. പരമാവധി വോട്ട് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്നത് .
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആനിയമ്മ രാജേന്ദ്രന് ലഭിച്ച 15241 വോട്ടിൽ നിന്നുള്ള വർദ്ധനവാണ് ബി.ജെ.പി. കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.

നിയമസഭ 2016

ആകെ വോട്ടർമാർ 173799
പോൾ ചെയ്തത് 142122
സി. കൃഷ്ണൻ. 83226
(സി.പി.എം)
സാജിദ് മൗവ്വൽ 42963
( കോൺഗ്രസ്)
ആനിയമ്മ രാജേന്ദ്രൻ 15341
( ബി.ജെ.പി.)
ഭൂരിപക്ഷം 40263