ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ പ്ലാസ്റ്റിക്കോ, മറ്റ് ഏതെങ്കിലും വിധത്തിലുള്ള മാലിന്യ വസ്തുളോ വലിച്ചെറിയുന്നതിന് കർശന നിയന്ത്രണവും പിഴയും. കുറ്റം കണ്ടെത്തിയാൽ അപ്പോൾ തന്നെ 2000 പിഴ അടക്കേണ്ടി വരും. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നത് കണ്ടെത്തിയാൽ കുറ്റക്കാരിൽ നിന്ന് ഉടൻ പിഴ ഈടാക്കാൻ നിർദേശിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഇറങ്ങിയിട്ടുള്ള സാഹചര്യത്തിലാണ് ആറളത്തും നടപടി കർശനമാക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്‌ന അറിയിച്ചു.
വനസംരംക്ഷണ മേഖല മുഴുവൻ മാലിന്യമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. രാസവസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നിവക്ക് മേഖലയിൽ നിരോധനമുണ്ട് . വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം നിയമ ലംഘനം കൂടുതലായി നടക്കുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളെന്ന നിലയിൽ ധാരാളം സന്ദർശകർ ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നതാണ്. ഭക്ഷണ അവശിഷ്ടങ്ങളും കുപ്പി വെള്ളം കുടിച്ച ശേഷമുള്ള കാലികുപ്പികളും സഞ്ചാരികൾ സ്ഥലത്ത് ഉപേക്ഷിക്കുക പതിവാണ്. ഇവ നിരോധിച്ചിട്ടുള്ളതായ ബോർഡുകൾ എല്ലാ വന കേന്ദ്രങ്ങളിലും നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പിഴ ഈടാക്കാൻ സാധിക്കുമായിരുന്നില്ല. പുതിയ ഉത്തരവോടെ ഓരോ സംഭവത്തിലും 2000 രൂപ പിഴ ഒടുക്കേണ്ടി വരും. ഇത്തരത്തിൽ ഈടാക്കുന്ന തുക വന വികസന ഏജൻസി (എഫ്.ഡി.എ) മുഖേന വനസംരംക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായ ശുചീകരണത്തിന് ഉപയോഗിക്കും