swami-visudhananda

കാസർകോട് : ശ്രീനാരായണ ഗുരുവിനെയും ഗുരുദേവ പ്രസ്ഥാനങ്ങളെയും വിശ്വാസികളെയും മാറ്റിനിറുത്തി ഭാരതത്തിൽ ഒരു ഭരണ സംവിധാനത്തിനും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. കാസർകോട് നെല്ലിക്കട്ട ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നിർവ്വഹിച്ച ശേഷം നടന്ന സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവിനെയും ഗുരുദേവ പ്രസ്ഥാനത്തെയും ഭാരത സർക്കാർ അംഗീകരിക്കാൻ 70 വർഷങ്ങൾ നമുക്ക് കാത്തിരിക്കേണ്ടിവന്നു. ഇപ്പോഴാണ് ശിവഗിരി മഠത്തിനു പത്മശ്രീ ബഹുമതി ലഭിച്ചത്. ഇതുവരെ ഭാരതം ഭരിച്ച ജനകീയ സർക്കാരുകൾ എല്ലാം ഗുരുവിനെ മറന്നുപോവുകയായിരുന്നു. 1925 ലാണ് മഹാത്മാഗാന്ധി ഗുരുവിനെ ശിവഗിരി മഠത്തിൽ സന്ദർശിച്ചത്. ഇപ്പോൾ നമുക്ക് അങ്ങോട്ട് പോകാൻ ഭാഗ്യം കിട്ടി. പത്മശ്രീ ബഹുമതി ഏറ്റുവാങ്ങിയ സന്ദർഭം മഹത്തരമാണ്. ഇത് മുഴുവൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും ലഭിച്ച അംഗീകാരമാണ്. അതോടൊപ്പം ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, കോവളം കുന്നുംപാറ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു 70 കോടി ചെലവിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ടൂറിസം സർക്യൂട്ട് നമുക്ക് കിട്ടിയ അംഗീകാരമാണ്.

സമ്മേളനത്തിൽ ചെയർമാൻ ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. കുദ്രോളി ക്ഷേത്രം ട്രഷറർ പത്മരാജ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ, നാരായണ മഞ്ചേശ്വരം, എ.ടി വിജയൻ, കൃഷ്ണൻ കോംബ്രജേ, ശശി ചേടികാനം, എൻ.സി ശേഖർ എന്നിവർ പ്രസംഗിച്ചു. സ്വാമി വിശുദ്ധാനന്ദ ഉപഹാരം നൽകി.