പഴയങ്ങാടി:പുതിയങ്ങാടി ചൂട്ടാട് വനിതാ എക്സൈസ് സംഘത്തെ ആക്രമിച്ചു. ചൂട്ടാട് ബീച്ചിന് സമീപത്തെ കെ റഫീക്ക് താമസിക്കുന്ന വാടക കോർട്ടേസിൽ കഞ്ചാവിനായി നടത്തിയ തിരച്ചലിനിടെയാണ് വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ എം വി സുനന്ദ (36) വി കെ ഷൈന (36) എന്നിവർക്ക് നേരെ അക്രമം ഉണ്ടായത് . ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൈക്കും മുഖത്തും പരിക്കേറ്റ സിവിൽ ഓഫിസർമാരെ പഴയങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തേ കുറിച്ച് പാപ്പിനിശേരി എക്‌സൈസ് റേഞ്ച് ഓഫീസർ എ ഹേമന്ത് കുമാർ പറയുന്നത് ഇങ്ങനെ: റഫീഖിന്റെ വാടക കോർട്ടേഴ്‌സിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്ക് എത്തിയ വനിതകൾ അടക്കമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ത്രീകൾ അടക്കമുള്ളവർ ചേർന്ന് മർദ്ദിക്കുകയാരുന്നു. അസിസ്റ്റൻ്റ് ഇൻസ്‌പെക്ട്ർ എം.സുധാകരൻ, എം.രാജീവൻ, വി.ഗോവിന്ദൻ, കെ.സന്ദിപ്,വി നിഷാദ്, എം വി.സുജിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകെത്തിയത് .

റഫീക്കും വീട്ടുകാരും ചേർന്ന് പരിശോധന തടസപ്പെടുത്തിയതിനെ തുടർന്ന് എക്‌സൈസ് സംഘം അവിടെ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് എത്തിയ പഴയങ്ങാടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ. റഫീഖ്(32),മുഹമ്മദ് ശരീഫ്(28),നിസാം കെ(26) എന്നിവരെ അറസ്റ്റ് ചെയ്തു