കാഞ്ഞങ്ങാട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക് ഇരുപതിൽ ഇരുപതു സീറ്റും കിട്ടാനുള്ള രാഷ്ട്രീയ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടച്ചേരിയിൽ ഇടതുമുന്നണി കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തായാലും 2004 ലെ ഫലം ഇടതുമുന്നണിക്കുറപ്പാണ്. ബി.ജെ.പി രാജ്യത്തെ മതനിരപേക്ഷത തകർക്കുകയാണ്. മതാധിഷ്ഠിത രാജ്യമാണ് ആർ.എസ്.എസിന്റെ അജണ്ട. നവഉദാരവത്കരണ നയത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ നിലപാടിലാണ്. അതിസമ്പന്നർക്കും കോർപറേറ്റുകൾക്കുമാണ് ഇതിന്റെ ഗുണം ലഭിച്ചത്. വർഗീയതയുടെ ഓരം ചേർന്നു പോകാനാണ് കോൺഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബദൽ നയത്തോടു കൂടിയുള്ള മതനിരപേക്ഷ ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വരണം. കേരളത്തിലെ ജനങ്ങൾക്ക് ഇതിൽ വലിയ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മന്ത്രി ഇ. ചന്ദ്രശേഖരൻ, പി. കരുണാകരൻ എം.പി, ഐ.എൻ.എൽ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വി.കെ രാജൻ സ്വാഗതം പറഞ്ഞു.