പഴയങ്ങാടി:മാടായിപ്പാറയുടെ ജൈവ വൈവിധ്യത്തിന് ഭീഷണി സൃഷ്ടിച്ച് കൊണ്ട് മൂന്ന് ഏക്കറോളം സ്ഥലത്ത് അനധികൃതമായി നിക്ഷേപിച്ച കരിങ്കൽ ജില്ലികൾ15 ദിവസത്തിനകം നീക്കം ചെയ്യാൻ ഹൈകോടതി ഉത്തരവിട്ടു അഞ്ചു മാസക്കാലമായി മാടായിക്കാവ് ദേവസ്വത്തിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ലോഡ് ജില്ലികൾ റോഡ് നിർമ്മാണത്തിന്റെ പേരിൽ പി ഡബ്‌ള്യു ഡി കോൺട്രാക്ടർ മാടായി കാവിനടുത്തുള്ള പാറക്കുളത്തിനരികിൽ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു ..

ഇതിന് അധികൃതർ ഒത്താശ ചെയ്തു കൊടുത്തതായി ആരോപണമുയർന്നിരുന്നു.. ദേശാടന പക്ഷികളുടെ പ്രജനനഭക്ഷണയിടങ്ങൾ ഇതുമൂലം നശിപ്പിക്കപ്പെട്ടതായി കാട്ടി പരിസ്ഥിതി പ്രവർത്തകർ ജില്ലാ കളക്ടർക്കും പൊലീസിനും നേരത്തെ പരാതി നൽകിയതാണ്. ഇതിന് പിന്നാലെ ചിറക്കൽ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ സമീപിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. മാടായിപ്പാറയുടെ തനത് വ്യവസ്ഥക്കോ സസ്യ ജന്തു ജാലങ്ങൾക്കോ പാറപുറത്തിനോ യാതൊരു ക്ഷതവും തട്ടാത്ത വിധത്തിലും ആയിരിക്കണം ജില്ലി നീക്കം ചെയ്യേണ്ടതെന്ന് ഉത്തരവിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് ..

ദീർഘകാലാടിസ്ഥാനത്തിൽ പറയിലെ വാഹന പ്രവേശം, പാറ ഖനനം തുടങ്ങി കൈയേറ്റമടക്കമുള്ള നശീകരണങ്ങൾക്കെതിരെയുളള വിധിയാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.