തളിപ്പറമ്പ് : തളിപ്പറമ്പ് മെയിൻ റോഡിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് വ്യാപാരികൾ പി.ഡബ്ല്യൂ.ഡി ഓഫിസ് ഉപരോധിച്ചു . വിഷു സീസണിൽ കച്ചവടത്തെ ബാധിക്കുന്ന രീതിയിൽ പൊടിശല്ല്യം ഉണ്ടായതോടെയാണ് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വ്യാപാരികൾ സമരത്തിനിറങ്ങിയത്.
വിഷു സീസൺ ആയതോടെ നല്ല കച്ചവടം പ്രതീക്ഷിച്ച വ്യാപാരികൾക്ക് റോഡ് നവീകരണം കനത്ത തിരിച്ചടിയായിട്ടുണ്ട്. നേരത്തേ റോഡ് കിളച്ചിട്ടതിനെ തുടർന്ന് അതിരൂക്ഷമായി പൊടി ഉയർന്ന് കച്ചവടം നടത്താൻ പറ്റാത്ത അവസ്ഥയാണെന്നും രോഗബാധിതരായ ജീവനക്കാരിൽ പലരും അവധിയിലാണെന്നുമാണ് വ്യാപാരികളുടെ ആരോപണം. ഇതിനുശേഷം ഇവർ തന്നെ ടാങ്കറിൽ വെളളം ഇറക്കി പൊടിശല്യം ഒഴിവാക്കിയിരുന്നു. എന്നാൽ തോട്ടടുത്ത ദിവസം തന്നെ തങ്ങളെ വെല്ലു വിളിക്കുന്ന രീതിയിലിൽ കരാറുകാരൻ ജില്ലിപ്പൊടി നിരത്തിയതോടെ പൊടിശല്യം അതിഭീകരമായി. ആളുകൾ കടകളിലേക്ക് ഇതുമൂലം കയറുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
ഇന്നലെ രാവിലെ മുതൽ തന്നെ വിവിധ വകുപ്പുകളുമായി പ്രശ്‌നപരിഹാരത്തിന് സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകാത്തതിനാൽ ഉച്ച കഴിഞ്ഞ് വ്യാപാരികൾ പി.ഡബ്ല്യൂ.ഡി ഓഫിസ് ഉപരോധിക്കുകയായിരുന്നു. രാത്രിയിൽ തന്നെ പ്രശ്നം പരിഹരിക്കാമെന്ന് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അളളാംകുളവും പി.ഡബ്ല്യൂ.ഡി എസിസ്റ്റൻഡ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ദേവേശനും നൽകിയ ഉറപ്പിനെ തുടർന്നാണ് വ്യാപാരികൾ ഉപരോധത്തിൽ നിന്നും പിൻമാറി. വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, താജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
പടം : തളിപ്പറമ്പ് മെയിൻ റോഡിലെ രൂക്ഷമായ പൊടിശല്യം പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധിക്കുന്നു.