കണ്ണൂർ :ടൂറിസം വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും ജില്ലയിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളെ നിയമിക്കാതെ അധികൃതർ. അവധിക്കാലം വന്നതോടെ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ബീച്ചുകൾ. നിലവിൽ ആകെ 13 ലൈഫ് ഗാർഡുകളെ മാത്രമാണ് ജില്ലയിലെ വിവിധ ബീച്ചുകളിലായി നിയമിച്ചിട്ടുള്ളത്. രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള ബീച്ചിൽ കുറഞ്ഞത് ഒരു ഷിഫ്റ്റിൽ 12 ലൈഫ് ഗാർഡുകളെങ്കിലും ആവശ്യമാണ്. നിലവിൽ പല ബീച്ചുകളിലും ആകെ രണ്ടു ഷിഫ്റ്റുകളിലുമായി ഒന്നോ രണ്ടോ ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്. നിരവധി ബീച്ചുകളുള്ള കേരളത്തിൽ 140 ലൈഫ് ഗാർഡുകളാണ് ഉള്ളത്.

ജില്ലയിലെ ചില ബീച്ചുകളിൽ ലൈഫ് ഗാർഡുകളുടെ സേവനം പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. കൂടുതൽ പേരെ നിയമിക്കുന്നതിനുള്ള നടപടികൾ വകുപ്പ് തലത്തിൽ ഉണ്ടായെങ്കിലും ആവശ്യമായ നിയമനത്തിന് മൂന്നിൽ ഒരു ഭാഗം പോലുമില്ലാത്ത അവസ്ഥയാണ്. പുതുതായി രണ്ട് പേരെ മാത്രമാണ് മീൻകുന്ന് ബീച്ചിലേക്കായി വകുപ്പ് ജില്ലയിൽ നിയമിച്ചത്.ചൂട്ടാട് തുടങ്ങിയ ബീച്ചുകളിൽ ലൈഫ് ഗാർഡുകളെ പേരിനു പോലും നിയമിച്ചിട്ടില്ല.
എഴുത്തു പരീക്ഷയും ശാരീരിക ക്ഷമതയും മെഡിക്കൽ ടെസ്റ്റും ട്രെയിനിംഗും ഉൾപ്പെടെ കഠിനമായ പരീക്ഷണത്തിന് ശേഷമാണ് നിയമനം ഉണ്ടാകുക.എന്നാൽ കഠിനമായ പരീക്ഷണത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചവർ ഇപ്പോഴും കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. അതിനാൽ പുതിയതായി പലരും ഈ മേഖലയിലേക്ക് കടന്നു വരാനും മടിക്കുകയാണ്. അതുകൊണ്ട് തന്നെ നിലവിലുള്ളവർക്ക് ജോലി ഭാരവും വർദ്ധിക്കുന്നു.
മാത്രമല്ല ലൈഫ്ഗാർഡുകളുടെ സാധനങ്ങൾ സൂക്ഷിക്കുവാനോ അവർക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ തുടങ്ങിയ അടിസ്ഥാന സൗകര്യത്തിന് ആവശ്യമായ ഒന്നും തന്നെ ബീച്ചുകളിൽ ഒരുക്കുയിട്ടില്ല .ആവശ്യമായ ശാരീരിക പരിശോധനയോ ചികിത്സാ സൗകര്യമോ ഇവർക്ക് നൽകാറില്ല. മൂന്ന് വർഷത്തിന് മുമ്പാണ് നിലവിലെ ലൈഫ് ഗാർഡുകൾക്ക് ട്രെയിനിംഗ് നൽകിയത് .

ബീച്ചുകളിൽ ആവശ്യമായ ലൈഫ് ഗാർഡുകൾ ഇല്ലാത്തതിനാൽ വളരെയേറെ ബുദ്ധിമുട്ടിലാണ് ജില്ലാ ടൂറിസം വകുപ്പും .

ബീച്ചിലെത്തുന്നവരുടെ സുരക്ഷയും അവതാളത്തിൽ
ബീച്ചുകളിൽ ആവശ്യമായ ലൈഫ് ഗാർഡുകൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പയ്യാമ്പലത്തെത്തുന്ന വിനോദ സഞ്ചാരികളിൽ നിന്ന് ചെറിയ തുക ഈടാക്കി ലൈഫ് ജാക്കറ്റുകൾ നൽകാനായിരുന്നു പദ്ധതി.പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി ജില്ലയിലെ മറ്റ് ബീച്ചുകളിലേക്കു് വ്യാപിക്കാനുള്ള നടപടികൾ ഒന്നും തന്നെ അധികൃതർ സ്വീകരിച്ചിട്ടില്ല .മാത്രമല്ല പയ്യാമ്പലത്ത് എത്തുന്നവർക്ക് ജാക്കറ്റുകൾ നൽകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

2 കി.മി ദൂരത്തിൽ 12 ലൈഫ് ഗാർഡ് നിർബന്ധം(ഷിഫ്റ്റ് അടിസ്ഥാനത്തിൽ)

ഉള്ളത് 2 ലൈഫ് ഗാർഡ് മാത്രം

കേരളത്തിൽ ആകെ 140 ലൈഫ് ഗാർഡ്

ചില ബീച്ചുകളിൽ ലൈഫ് ഗാർഡുകളേയില്ല

കഠിനപരിശീലനം വേണ്ടുന്ന മേഖലയിൽ നിയമനം കരാ ർ അടിസ്ഥാനത്തിൽ