നീലേശ്വരം: അപകടങ്ങൾ തുടർക്കഥയാവുന്ന ദേശീയപാതയിലെ കോട്ടപ്പുറം റോഡ് ജംഗ്ഷൻ വീതി കൂട്ടൽ പാതിവഴിയിലായി. ദേശീയപാതയിൽ നിന്ന് കോട്ടപ്പുറത്തേക്കും അവിടെനിന്ന് ഹൈവേ ജംഗ്ഷനിലേക്കും കയറുന്ന വാഹനങ്ങളുടെ സൗകര്യത്തിനായാണ് വീതി കൂട്ടൽ ആരംഭിച്ചത്. വീതി കൂട്ടിയ ശേഷം ഇരുവശവും കല്ലുകെട്ടി ഉറപ്പുവരുത്തിയിരുന്നു.
പിന്നീട് വീതി കൂട്ടിയ ഇരുവശത്തും കരിങ്കൽ വിതറുകയും ചെയ്തു. കരിങ്കല്ല് ശരിയാം വിധത്തിൽ ഉറപ്പിക്കാത്തതിനാൽ ഇളകി ചിതറി കിടക്കുന്നത് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. വലിയ വാഹനങ്ങളുടെ ടയറിനിടയിൽ കുടുങ്ങുന്ന കരിങ്കൽ ചീളുകൾ വഴിയാത്രക്കാരുടെ ദേഹത്ത് തെറിച്ചുവീഴുന്നതും പതിവായിട്ടുണ്ട്.
കരാറുകാരൻ നഗരസഭയെ കബളിപ്പിച്ചതായാണ് ആരോപണം. നഗരസഭ മുൻകൈയെടുത്താണ് പദ്ധതിക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചത്. പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ എത്താത്തതിലും ആക്ഷേപമുണ്ട്. ഇപ്പോൾ അച്ചാംതുരുത്തി റോഡ് പാലം യാഥാർത്ഥ്യമായതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
പടം : ദേശീയപാത കോട്ടപുറം ജംഗ്ക്ഷൻ വീതി കൂട്ടി ഭാഗത്തേക്കുള്ള കരിങ്കൽ കഷണങ്ങൾ റോഡിൽ അപകടകരമാം വിധത്തിൽ ചിതറി കിടക്കുന്നു.