പയ്യന്നൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടത്തിയ യു.എസ്.എസ്.പരീക്ഷയിൽ സ്വന്തം റിക്കാർഡ് തിരുത്തിയെഴുതി പയ്യന്നൂർ ഉപജില്ല തിളക്കമാർന്ന വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷം 109 യു.എസ്.എസ്.നേടി സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച വിജയം നേടിയ പയ്യന്നൂർ ഈ വർഷം 251 പേരുടെ വിജയത്തോടെ മേധാവിത്വം ഉറപ്പിച്ചു.യു.പി.വിഭാഗമുള്ള 45 വിദ്യാലയങ്ങളിൽ 35 വിദ്യാലയങ്ങളിലും കുട്ടികൾ യു.എസ്.എസ്.സ്‌കോളർഷിപ്പിന് അർഹത നേടി. കരിവെള്ളൂർ പെരളം, കാങ്കോൽആലപ്പടമ്പ് ,പെരിങ്ങോം വയക്കര ,എരമം കുറ്റൂർ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാലയങ്ങളിലും യു.എസ്.എസ്.വിജയികൾ ഉണ്ട്.
33 കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടിയ പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂളാണ് കണ്ണൂർ ജില്ലയിൽ ഒന്നമതെത്തിയത്.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ.എം.ബാലൻ, ബ്ലോക്ക് പോഗ്രാം ഓഫീസർ പി.വി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ അധ്യാപകർ നൽകിയ ചിട്ടയായ പരിശീലനത്തിന്റെ ഫലമായാണ് ഈ മിന്നുന്ന വിജയം കരസ്ഥമാക്കാനായത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പയ്യന്നൂരിലെ വിദ്യാലയങ്ങളിൽ ഭൗതിക രംഗത്തും അക്കാഡമിക രംഗത്തും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അൺ 'എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും നിരവധി കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിലെത്തിച്ചേർന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ പ്രവേശന കാമ്പയിൻ പ്രവർത്തനങ്ങൾ ഈ വർഷവും ആരംഭിച്ചു.