കാഞ്ഞങ്ങാട്: കോൺഗ്രസിന്റെ ബി.ജെ.പി വിരുദ്ധ നയം അവസരവാദപരമാണെന്ന് സി.പി.ഐ ദേശീയ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മടിക്കൈ കോതോട്ടുപാറയിൽ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ബി.ജെ.പി ഗവൺമെന്റിനെ താഴെയിറക്കാനും ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ട ആളാണ് രാഹുൽ. എന്നാൽ അദ്ദേഹം വയനാട് മണ്ഡലത്തിൽ മത്സരിക്കുവാൻ തീരുമാനിച്ചതോടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ ജനങ്ങൾക്ക് ബോധ്യമായി. കാരണം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ബി.ജെ.പിക്കെതിരെ പോടുന്ന ശക്തമായ ഘടകം. ഇടതുമുന്നണി ജയിച്ചാൽ പാർലമെന്റിൽ ബി.ജെ.പിക്കെതിരായുള്ള പോരാളിയെയാണ് ലഭിക്കുക. വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ച രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുന്നു. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ അതിന്റെ ഫലം ബി.ജെ.പിക്കെതിരെ ഒരു അംഗത്തിന്റെ കുറവ് ബോധപൂർവമായി വരുത്തുക എന്നതു കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു. എൻ.വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എൻ. ബാലകൃഷ്ണൻ അധ്യക്ഷനായി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, ബങ്കളം പി. കുഞ്ഞികൃഷ്ണൻ, മടത്തിനാട്ട് രാജൻ, സി.കെ ബാബുരാജ് എന്നിവർ സംസാരിച്ചു.