പാനൂർ: വിഷുദിനത്തിൽ പൊതുയോഗങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ജയരാജന് വിശ്രമം ലഭിച്ചിരുന്നില്ല. പാട്യത്തെ ഓട്ടച്ചിമാക്കൂലിലെ അയൽവാസിയുടെ വീട്ടുവരാന്തയിൽ ഇരിക്കുന്ന വടകര ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയെ കാണാൻ സന്ദർശക പ്രവാഹമായിരുന്നു. ഇതിനിടെ നിലക്കാതെ ആശംസകൾ നേർന്നുള്ള ഫോൺ കോളുകളും. വീട്ടിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതോടെ ഭാര്യ യമുനയും ഇളയമ്മയുടെ മകൻ ദിനേശനും കുടുംബവും ജയരാജനൊപ്പം വി.കെ വത്സല ടീച്ചറുടെ വീട്ടിലായിരുന്നു. മകൻ ജയിൻ പി. രാജ് ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. ഭാര്യ വീട്ടിൽ ഒന്നാം വിഷു ആഘോഷിച്ച മൂത്ത മകൻ ജയിൻ പി. രാജ് കുടുംബസമേതം ഉച്ചയോടെ വീട്ടിലെത്തി. മറ്റൊരു മകൻ ആശിഷ് പി. രാജ് എറണാകുളത്താണ്.
ഇതിനിടെയാണ് ജയരാജനെ കാണാൻ അപ്രതീക്ഷിത അഥിതികളായി കുത്തബ്ദീൻ അൻസാരിയും അശോക് മോച്ചിയും വന്നത്. ഗുജറാത്ത് വർഗീയ കലാപത്തിൽ വാളുയർത്തിപ്പിടിച്ച മോച്ചിയും കൈകൂപ്പി നിന്ന അൻസാരിയുടെയും ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ഞാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അറിഞ്ഞാണ് ഇരുവരും എത്തിയതെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുൾപ്പെടെ എല്ലാം പിന്നീട് മോച്ചി പരസ്യമായി ഏറ്റ് പറഞ്ഞിരുന്നു. കലാപത്തിന്റെ ഇരയായ കുത്തബ്ദീൻ അൻസാരിയെ പിന്നീട് സംരക്ഷിച്ചത് സി.പി.എമ്മായിരുന്നു.
ഇരുവരുമായും തനിക്ക് വർഷങ്ങളായി ബന്ധമുണ്ട്. കലാപത്തിന് 12 വർഷം പൂർത്തിയായ 2014ൽ 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരിൽ തളിപ്പറമ്പിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയിൽ കൊണ്ടുവന്നത് ചർച്ചയായിരുന്നു. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നതായും ജയരാജൻ കുറിക്കുന്നു. തുടർന്ന് വോട്ടഭ്യർത്ഥിച്ചുള്ള കേക്ക് അൻസാരിയും മോച്ചിയും കൂടി മുറിച്ചു. വീട്ടിൽ നിന്ന് വിഷു സദ്യയും കഴിച്ചാണ് ഇരുവരും മടങ്ങിയത്. വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇവർ പങ്കെടുക്കുമെന്നും ജയരാജൻ പറയുന്നു.
കുടുംബ സമേതം ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് മാത്രമായിരുന്നു ജയരാജന് എന്നും വിഷു. ഓർമ്മകൾ പങ്ക് വെക്കുന്നതിനിടെ സഹോദരൻ ദിനേശിന്റെ കുട്ടി അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചുവന്ന ഷാൾ ജയരാജന്റെ കഴുത്തിലണിയിച്ച് ഹസ്തദാനം ചെയ്തു.
ഷാൾ നേരെയാക്കി ജയരാജൻ പറഞ്ഞു തുടങ്ങി.
'കുട്ടിക്കാലത്തും വിഷുവെന്നാൽ ഞങ്ങളെ സംബന്ധിച്ച് നല്ല ഭക്ഷണം കിട്ടുന്ന ദിവസം മാത്രം. നിർധനരായ കുടുംബങ്ങൾ വിഷുവിനെ വരവേറ്റത് അങ്ങനെയായിരുന്നു.'പൊന്ന്യത്തെ ചോയ്യോടം മടപ്പള്ളി കുടികിടപ്പ് പുരയിലായിരുന്നു ജയരാജൻ വളർന്നത്. മൺകട്ടയും ഓലയും കൊണ്ടുള്ള പുര'. ചുരുട്ടു തൊഴിലാളിയായ അച്ഛനും കർഷക തൊഴിലാളിയായ അമ്മയും. വീട്ടിൽ വിഷു ദിവസമാണ് നല്ല ഭക്ഷണം കിട്ടിയിരുന്നത്.
പ്രദേശത്തെ പ്രമാണിമാരിൽ നിന്നും വിഷു കൈനീട്ടവും കിട്ടും. ആ പണം കൊണ്ടാണ് പടക്കം വാങ്ങി പൊട്ടിക്കുന്നതും കൂട്ടുകാരോടൊപ്പം ആഹ്ലാദം പങ്കിടുന്നതും. അക്കാലത്ത് കിഴക്കേ കതിരൂർ ഭാഗങ്ങളിൽ ധാരാളം ചുരുട്ട് തൊഴിലാളികൾ ഉണ്ടായിരുന്നു. അതിൽ പ്രമുഖനായ ശങ്കരൻ ഗുരുക്കൾ ഒരിക്കൽ പ്രദേശത്തെ ചുരുട്ട് തൊഴിലാളികളെ ചേർത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. അച്ഛനടക്കമുള്ള തൊഴിലാളികൾ അണിനിരന്ന ആ ഗ്രൂപ്പ് ഫോട്ടോയുടെ ഇരുഭാഗങ്ങളിലും അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടിയുടെ ചിത്രമുണ്ടായിരുന്നു. അന്നാണ് ആദ്യമായി ആ പതാക കണ്ടത്. അതിന്നും നെഞ്ചോട് ചേർത്തു പിടിക്കുന്നു എന്നു പറയുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന ആത്മവിശ്വാസം ഏറെ ദൃഢതയുള്ളതാവുന്നു.
എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പൊന്ന്യത്തെ ചോയ്യാടത്തെ കുടികിടപ്പ് വീട്ടിൽ നിന്ന് കിഴക്കേ കതിരൂരിലെ അമ്മയുടെ സ്ഥലത്ത് അച്ഛൻ വീട് പണിയുന്നത്. അങ്ങനെയാണ് കിഴക്കേ കതിരൂരുകാരനാവുന്നത്. പാറായി മടപ്പുര തറവാടാണ്. ഉച്ചയൂണ് കഴിയുന്നതോടെ പാട്യത്തെ വീടുകളിൽ ഗൃഹ സമ്പർക്ക പ്രചരണം നടത്തും. പ്രചരണത്തിന്റെ മൂന്നാം ഘട്ടം പിന്നിടുമ്പോൾ തീർച്ചയായും എൽ.ഡി.എഫ് വടകര ലോക്‌സഭ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം ജയരാജനിൽ നിറഞ്ഞുനിന്നു.