പയ്യന്നൂർ: സംഘപരിവാറും മാർക്സിസ്റ്റ് പാർട്ടിയും ജനാധിപത്യ ധ്വംസനം നടത്തുന്നതിൽ ഒരേ തൂവൽ പക്ഷികളാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കരിവെള്ളൂരിൽ നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്. അവർക്കിഷ്ടമില്ലാത്തത് ചെയ്താൽ ആളുകളെ അടിച്ചു കൊല്ലുന്നു. ഇതേ സമീപനമാണ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയും സ്വീകരിക്കുന്നത്. എതിരാളികളെ അറും കൊല നടത്തുന്ന രാഷ്ട്രീയമാണ് ഇവിടെ. ജനാധിപത്യം ധ്വംസിക്കുന്ന പാർട്ടിയാണ് സി.പി.എം. വോട്ടവകാശം വിനിയോഗിക്കാൻ പോലും സി.പി.എം സമ്മതിക്കുന്നില്ല. കള്ളവോട്ടും അക്രമവും നടത്തി ജനാധിപത്യം അട്ടിമറിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എം. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ, എം. നാരായണൻകുട്ടി, എസ്.എ ഷുക്കൂർ ഹാജി, അഡ്വ. ഡി.കെ ഗോപിനാഥ്, കെ.ടി സഹദുള്ള, ബി. സജിത് ലാൽ, കെ.വി കൃഷ്ണൻ, പി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.