കണ്ണൂർ: ഓണ പരീക്ഷയ്ക്ക് പോകുമ്പോഴും പാഠപുസ്തകത്തിന്റെ പകർപ്പ് എടുത്ത് പഠിച്ച ഓർമ്മകൾക്ക് വിട. സ്കൂൾ തുറക്കാൻ ഇനിയും ഒന്നര മാസം ബാക്കി നിൽക്കെ ജില്ലയിൽ പുസ്തക വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞെങ്കിലും പയ്യാമ്പലത്തെ വിതരണ കേന്ദ്രത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്രതീക്ഷിച്ചതിൽ അൽപം കൂടി വൈകിയാണിത്.
ഫലപ്രഖ്യാപനത്തിന് കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ പുസ്തകം നൽകാനാണ് തീരുമാനം. അതിനു മുൻപായി എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പുസ്തകവിതരണം പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകളിലേക്കും തുടർന്ന് യു.പി ക്ലാസുകളിലേക്കുള്ള പുസ്തകവും വിതരണം ചെയ്യും.
കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയ്ക്ക് (കെ.ബി.പി.എസ്) തന്നെയാണ് ഈ വർഷവും അച്ചടി വിതരണ ചുമതല. ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്ന് പുസ്തകം സ്‌കൂൾ സൊസൈറ്റികളിലെത്തിക്കും. 315 സൊസൈറ്റികൾ മുഖേനയാണ് സ്‌കൂളുകളിലെത്തിക്കുക. അൺഎയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളും ഡിപ്പോയിൽ എത്തിയിട്ടുണ്ട്.
പുസ്തകം കൈപ്പറ്റണമെങ്കിൽ സ്‌കൂൾ അധികൃതർക്ക് റിലീസിംഗ് ഓർഡർ ലഭിക്കണം. മിക്ക സ്‌കൂളുകളിലും ഒൻപതാം തരം പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പത്താംതരത്തിലെ ക്ലാസുകൾ അവധിക്കാലത്ത് ആരംഭിക്കും. ഇതിനു മുന്നോടിയായി പുസ്തകങ്ങൾ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ മാറിയതിനാൽ ഇത്തവണ വിതരണം വൈകും. ഇവയുടെ അച്ചടി കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിൽ നടക്കുന്നുണ്ട്. കഴിഞ്ഞവർഷം ഹൈസ്‌കൂൾ ക്ലാസുകളിലേക്കുള്ള പുസ്തകവിതരണമാണ് ആദ്യം പൂർത്തിയാക്കിയത്.
പത്താം ക്ലാസ് വരെ ആവശ്യം 25ലക്ഷം പുസ്തകങ്ങൾ
അഞ്ചാംക്ലാസ് വരെ ആവശ്യം 8.68 ലക്ഷം പുസ്തകങ്ങൾ (വിതരണം പൂർത്തിയായി)
ആറ്, ഏഴ് ക്ലാസുകളിലേക്ക് ആവശ്യം 5.35 ലക്ഷം പുസ്തകങ്ങൾ