ഹൈഡ്രേജ് സംവിധാനം വേണമെന്ന ആവശ്യം ശക്തം

കാഞ്ഞങ്ങാട്: കടുത്ത വേനൽ ചൂടിൽ നാടാകെ തീ പടരുമ്പോൾ കെടുത്താൻ ആവശ്യത്തിന് വെള്ളവും ജീവനക്കാരും ഇല്ലാതെ ഫയർഫോഴ്സ് കിതയ്ക്കുന്നു. വിഷുദിനത്തിൽ മാത്രം കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി എട്ടിടത്താണ് തീപിടിത്തമുണ്ടായത്. കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകൾക്കു പുറമെ, ചെറുവത്തൂർ, മടിക്കൈ, അജാനൂർ പഞ്ചായത്തുകളിലും തീ പിടിത്തമുണ്ടായി.

നീലേശ്വരം മെയിൻ ബസാറിലെ ബദരിയ ഹോട്ടലിനു സമീപം ആക്രിക്കടയിൽ തിങ്കളാഴ്ച പുലർച്ചെയാണ് തീ പിടുത്തമുണ്ടായത്.. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാവിലെ ചെറപ്പുറത്ത് ശ്രീ നാരായണ മില്ലിലാണ് തീ പിടിച്ചത്. കാഞ്ഞങ്ങാടിനു പുറമെ തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീഅണച്ചത്. മടിക്കൈ അമ്പലത്തുകര, ചെമ്പിലോട്, നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ പുല്ലിനു തീപിടിക്കുകയുണ്ടായി. മാവുങ്കാലിൽ സ്റ്റേഷനറിക്കടയ്ക്കാണ് തീപിടിച്ചത്. ചെറുവത്തൂർ പൂമാല ക്ഷേത്രത്തിനു സമീപം കൂട്ടിയിട്ട മാലിന്യങ്ങൾക്കും തീ പിടിച്ചു.

ഒന്നിനു പുറകെ ഒന്നായി തീപിടിത്തമുണ്ടാകുമ്പോൾ ഇവിടങ്ങളിൽ ഓടിയെത്തുക ഏറെ ശ്രമകരമാണെന്ന് അഗ്നിശമന സേന ജീവനക്കാർ പറയുന്നു. കാഞ്ഞങ്ങാട്ടാകട്ടെ ആറു ഫയർമാന്മാരുടെ ഒഴിവുമുണ്ട്. നിലവിൽ ഇവിടെ 80,000 ലിറ്റർ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട്. ഒരു ടാങ്കറിൽ 4500 ലിറ്റർ വെള്ളം വേണം. ടാങ്കർ നിറച്ച് തീപിടിത്ത സ്ഥലത്തേക്ക് പോകുന്ന വാഹനം കൊണ്ടുപോയ വെള്ളം കഴിഞ്ഞാൽ തൊട്ടടുത്തുള്ള കിണറിൽ നിന്നോ പുഴയിൽ നിന്നോ വെള്ളം ശേഖരിക്കുകയാണു പതിവ്. കടുത്തവേനലിൽ മിക്ക കിണറുകളും വറ്റാറായതോടെ ഇത്തരത്തിൽ വെള്ളം ശേഖരിക്കാൻ പ്രയാസമായിരിക്കുകയാണ്.

ഇതിനാൽ വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് ഹൈഡ്രേജ് സംവിധാനം നഗരത്തിലെങ്കിലും നടപ്പിലാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

ഹൈഡ്രേജ് സംവിധാനമുണ്ടായാൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്നു തന്നെ ഫയർഫോഴ്സിന് ജലമെടുക്കാനും വെള്ളം ശക്തമായി പമ്പുചെയ്യാനും സാധിക്കും.

കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ

സി.പി രാജീവൻ