കണ്ണൂർ: സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പരസ്യം. 'ഓളെ പറഞ്ഞയച്ചിട്ട് ഒരു കാര്യവുമില്ല, പഠിപ്പിച്ച് ടീച്ചറാക്കിയതൊക്കെ വെറുതെയായി, ഓൻ ആൺകുട്ടിയാ, ഓൻ പോയാലേ കാര്യം നടക്കൂ' എന്നൊക്കെയാണ് കെ സുധാകരന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയിലെ സംഭാഷണങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതിയെ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയ പരാമർശങ്ങൾ അത്യന്തം സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടോടെയാണെന്നാണ് വിമർശനം. പെണ്ണായതുകൊണ്ടാണ് ഒന്നും ശരിയാവാത്തതെന്നും ആൺകുട്ടിയായ കെ.സുധാകരനെ വിജയിപ്പിക്കണമെന്നുമൊക്കെ പറയുന്നത് പരിഷ്‌കൃത സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന തരം ചിന്താഗതിയാണെന്ന് ആക്ഷേപം വ്യാപകമാണ്.
സോണിയാ ഗാന്ധിയെയും പ്രിയങ്കയെയും ഉദ്ദേശിച്ചാണോ എന്നും, ആലത്തൂരിലെയും ആലപ്പുഴയിലെയും യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥികളോടും യു.ഡി.എഫിന് ഇതേ നിലപാടാണോ എന്നുമൊക്കെ ചോദ്യങ്ങളുയരുന്നുണ്ട്. വിഷുദിനത്തിൽ വൈകിട്ടാണ് കെ സുധാകരന്റെ ഫേസ്ബുക്ക് പേജിലുൾപ്പെടെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.