modi

കണ്ണൂർ: നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്‌ടിച്ച സാമ്പത്തികത്തകർച്ചയും, സാധാരണക്കാരെ കൊള്ളയടിച്ച് നരേന്ദ്രമോദി അനിൽ അംബാനിക്ക് 30,000 കോടി നൽകിയതും രാജ്യദ്രോഹമെന്ന് രാഹുൽ ഗാന്ധി. 27,000 യുവാക്കൾക്കാണ് ഇന്ത്യയിൽ ഓരോ മണിക്കൂറിലും തൊഴിൽ നഷ്ടപ്പെടുന്നത്. കാർഷിക മേഖലയുടെ തകർച്ച മൂലം കാർഷകർ ആത്മഹത്യ ചെയ്യുന്നു- കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തികത്തകർച്ചയും അഴിമതിയും കാർഷിക വിളകളുടെ വിലയിടിവും ആയിരിക്കും സ്വാധീന ഘടകങ്ങൾ.

കോൺഗ്രസും സംഖ്യകക്ഷികളും തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ. പഞ്ചാബിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് സ്വാതന്ത്ര്യസമര കാലത്ത് ജീവത്യാഗം ചെയ്തത്. എന്നിട്ടും മോദി പറയുന്നത് കോൺഗ്രസ് ദേശവിരുദ്ധ പാർട്ടിയാണെന്നാണ്. ചരിത്രം മനസ്സിലാക്കാതെയാണ് പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പറയുന്നത്.

നിങ്ങൾ എന്നോട് ചോദ്യങ്ങൾ ഉന്നയിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ കഴിയാത്തത്? കേരളത്തിലെയും ഒഡിഷയിലെയും ഡൽഹിയിലെയും ഉൾപ്പടെ പ്രാദേശിക ദേശീയ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും രാഹുൽ ചോദിച്ചു.