k-muraleedharan-jayarajan

വടകര: കടത്തനാടൻ മണ്ണിൽ ഇതുവരെ കാണാത്ത പോരിനാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. അക്രമ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ പ്രധാന പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടപ്പെടുന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ ഇത് കൂടുതൽ ശക്തമായി. രക്തസാക്ഷി കുടുംബങ്ങളെയും മുന്നണികൾ വോട്ടർമാർക്ക് മുന്നിലേക്ക് ഇറക്കുകയാണ്. സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്ഥാനാർത്ഥിയായി വടകരയിലെത്തിയതോടെ എതിരാളികൾ രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ പ്രചാരണ ആയുധമാക്കുകയായിരുന്നു. എന്നാൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം വൈകിയപ്പോൾ പി. ജയരാജൻ പ്രചാരണത്തിൽ ഏറെ മുന്നേറി.

ആർ.എം.പി മത്സരത്തിൽ നിന്ന് പിന്മാറി യു.ഡി.എഫിന് പരസ്യപിന്തുണ നൽകി. വടകരയുടെ പൊതുമനസ് അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുമെന്നാണ് യു.ഡി.എഫ്- ആർ.എം.പി വാദം. എന്നാൽ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി പി. ജയരാജനെ അവതരിപ്പിച്ചുകൊണ്ടാണ് ഇതിനെ എൽ.ഡി.എഫ് നേരിടുന്നത്. കെ.മുരളീധരന്റെ പ്രചാരണത്തിനായി കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കളും മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബവും അരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെ കുടുംബവും എത്തിയതോടെ സി.പി.എം ഇതിന് പ്രതിരോധം തീർക്കാൻ രക്തസാക്ഷി കുടുംബങ്ങളെ രംഗത്തിറക്കുകയാണ്.

മണ്ഡലത്തിലെ 97 രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി രക്തസാക്ഷി കുടുംബ സംഗമം നടത്താനുള്ള തയാറെടുപ്പ് എൽ.ഡി.എഫ് പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് വൈകിട്ട് 5ന് വടകര കോട്ടപ്പറമ്പിൽ നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തങ്ങളാണ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന വാദം ഇതിലൂടെ ഉറപ്പിക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. ബ്രിട്ടീ‌ഷ‌് ഭരണകൂടം തലശേരി ജവഹർഘട്ടിൽ വെടിവച്ചുകൊന്ന അബുവിന്റെയും ചാത്തുക്കുട്ടിയുടെയും കുടുംബാംഗങ്ങൾ തൊട്ട‌് തൂണേരിയിൽ വെട്ടിക്കൊന്ന സി.കെ ഷിബിന്റെ കുടുംബാംഗങ്ങൾ വരെ സംഗമത്തിൽ ഒത്തുചേരും.

എന്നാൽ, തിരഞ്ഞെടുപ്പ് കാലത്ത് രക്തസാക്ഷി കുടുംബങ്ങളെ കൊണ്ടുവന്ന് വോട്ടാക്കുന്ന പ്രവർത്തനങ്ങളിൽ ബി.ജെ.പിക്ക് യോജിപ്പോ താത്പര്യമോ ഇല്ലെന്ന് വടകരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. സജീവൻ പറഞ്ഞു. ഞങ്ങൾ നേരത്തെ ഡൽഹിവരെ രക്തസാക്ഷി കുടുംബ സംഗമവും, അക്രമത്തിന് ഇരയായിട്ടുള്ളവരുടെ സംഗമവും നടത്തിയിരുന്നു. വടകരയിൽ യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്നത് കേവലം പ്രദർശന മത്സരം മാത്രമാണെന്ന വാദമാണ് സജീവൻ ഉയർത്തുന്നത്.