കണ്ണൂർ: ദേശീയപാത വികസനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് തളിപ്പറമ്പിലെ പരിസ്ഥിതി സംഘടനയായ വയൽകിളികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2010ൽ ട്രാൻസ്റ്ററി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഒ.ജെ.എസ്.സി എന്ന റഷ്യൻ കമ്പനിയുമായി ചേർന്ന കൺസോർഷ്യത്തിന് തലപ്പാടി മുതൽ കണ്ണൂർ വരെയുള്ള ദേശീയപാത പദ്ധതിയുടെ കരാർ നൽകിയിരുന്നു.കരാറിന്റെ മേൽനോട്ട ചുമതല സി.ഡി.എം സ്മിത്ത് ഇൻ അസോസിയേഷൻ വിത്ത് വിൽബർ സ്മിത്ത് എന്ന ഇൻഡോ അമേരിക്കൻ കമ്പനിയെയും ഏൽപിച്ചു. പിന്നീട് കരാറുകളുടെ പുരോഗതിയെ കുറിച്ച് വിവരമില്ല. കരാർ ഏറ്റെടുത്ത ട്രാൻസ്റ്ററി കമ്പനിയുടെ കിട്ടാക്കടം 8217 കോടി രൂപയാണ്. ബാങ്കുകൾ നൽകിയ പരാതി പ്രകാരം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടി കേന്ദ്ര കമ്പനി നിയമ ട്രിബ്യൂണലിൽ പുരോഗമിക്കുകയാണ്. കമ്പനിയുടെ ഡയറക്ടർ റായ്പ്പട്ടി സാംബശിവ റാവു ആന്ധ്രയിലെ നരസരപേട്ട് എം.പിയാണ്. നാഷണൽഹൈവേ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിന് സി.ഡി.എസ് സ്മിത്ത് എന്ന അമേരിക്കൻ കമ്പനിക്കെതിരെ ഫെഡറൽ കോടതിയിൽ നടന്ന കേസ് 40.3ലക്ഷം ഡോളർ പിഴ നൽകി 2017ൽ അവസാനിപ്പിച്ചതാണ്. സി.ബി.ഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെയാണ് 2015 ആഗസ്റ്റിൽ തലപ്പാടി-വെങ്ങളം ദേശീയപാത 66ന്റെ നാലുവരി വികസനത്തിന് എയ്‌കോം (എ.ഇ.സി.ഒ.എം) കമ്പനി 2016ൽ കരാർ ഒപ്പിട്ടത്. ക്രമക്കേടുകൾക്ക് അമേരിക്കയിൽ 263.9ദശലക്ഷം ഡോളർ പിഴയായി നൽകേണ്ടി വന്ന കമ്പനിയാണ് എയ്‌കോം. ലോകബാങ്ക് വിലക്കിയ കമ്പനിയാണിത്. വിവിധ രാജ്യങ്ങളിൽ കമ്പനിക്കെതിരെ കേസുണ്ട്. ഇറാഖിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ കരാറിൽ എയ്‌കോം ബിൽ തുകയിൽ വെട്ടിപ്പു നടത്തിയതായി അമേരിക്കൻ സേനയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എയ്‌കോം ഏഷ്യ പദ്ധതി രൂപരേഖ തയാറാക്കാതെയും പാരിസ്ഥിതികാനുമതിയില്ലാതെ ബദൽ സാധ്യതപഠനം നടത്താതെയുമാണ് ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാണ്. ഈ രേഖകൾ ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് വയൽകിളികൾ മുന്നോട്ടു വയ്ക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞകാലങ്ങളിലെ അനുഭവങ്ങൾ വോട്ടായി മാറുമെന്ന് വയൽകിളി സമരനായകൻ സുരേഷ് കീഴാറ്റൂർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വോട്ട് ആർക്ക് എന്നതിൽ നല്ല ധാരണയുണ്ട്. വയൽകിളി സമരത്തിലെ അംഗങ്ങളിൽ ഇടതുപക്ഷ പ്രവർത്തകരാണ് കൂടുതലും ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാർ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിനു സുതാര്യത ഉറപ്പുവരുത്താൻ ബാധ്യതയുണ്ട്. വരും തലമുറയ്ക്കു വേണ്ടി ഭാവി ഭദ്രത ഉറപ്പു വരുത്തുന്ന കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വയൽകിളി ഐക്യദാർഢ്യ സമിതിയംഗം നോബിൾ എം. പൈക്കട , മനോഹരൻ, നിശാന്ത് പരിയാരം, പി. ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.