പയ്യന്നൂർ : സീതാറാം യെച്ചൂരി സി പി എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണെങ്കിലും നയപരമായ ഒരു തീരുമാനവും എടുക്കാനാകാതെ പിണറായിവിജയന്റെ മലബാർ ലോബിക്ക് മുന്നിൽ കീഴടങ്ങുന്ന ദയനീയ കാഴ്ചയാണ് കാണുന്നതെന്ന് സി .എം .പി ജനറൽ സെക്രട്ടറി സി പി ജോൺ അഭിപ്രായപ്പെട്ടു .യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കവ്വായിയിൽ നടന്ന കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . മഹാത്മഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ മഹത്വവൽക്കരിക്കാനും ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്‌സെയെ പ്രതിഷ്ഠിക്കാനും രാജ്യം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തകർത്ത് രാജ്യത്തിന്റെ സ്വഭാവം മാറ്റിമറിക്കാനും ശ്രമിക്കുന്ന ശക്തികളെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനുള്ള നിർണ്ണായകമായ തിരഞ്ഞെടുപ്പിനെയാണ് രാജ്യം നേരിടുന്നത്. ഇത്തരമൊരു ഘട്ടത്തിൽ കഴിഞ്ഞകാലങ്ങളിൽ സി.പി.എം.നേതാക്കളായിരുന്ന സുർജിതും ജ്യോതിബാസുവും സ്വീകരിച്ച ധീരമായ നിലപാടുകളിൽ നിന്ന് കേരളത്തിലെ നേതാക്കളായ പിണറായിയുടെയും കൊടിയേരിയുടെയും പ്രേരണയാൽ സീതാറാം യെച്ചൂരി വ്യതിചലിച്ചു.. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.യുടെ തന്ത്രം പരാജയപ്പെടുത്താൻ കോൺഗ്രസ് വിരോധം മാറ്റി വെച്ച് ഒന്നിച്ചു നിൽക്കാൻ സി.പി.എം., സി.പി.ഐ പാർട്ടികൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കാനപ്പുറം സലാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണൻ, എം.നാരായണൻകുട്ടി ,സി.എ.അജീർ, എസ്.എ. ശുക്കുർ ഹാജി, എസ്.കെ.മുഹമ്മദ്, എ.പി.നാരായണൻ, എം.കെ.രാജൻ, ബി.സജിത് ലാൽ, അഡ്വ: റഷീദ് കവ്വായി, കെ.കെ.അഷറഫ് ,റുഖ്‌നുദ്ധീൻകവ്വായി, ഫായിസ്സ്‌കവ്വായി.എസ് .സൈനുദ്ദീൻ .കോച്ചൻ ലതീഫ് ,അഫ്‌സൽ രാമന്തളി, ടി.പി.അസീസ് പങ്കെടുത്തു.