കണ്ണൂർ :വയനാട്ടിൽ വന്ദേമാതരവും ഭാരത് മാതാകി ജയ് വിളിക്കുന്നവരുമായിട്ടല്ല മറിച്ച് പാക്കിസ്ഥാന് ജയ് വിളിക്കുന്നവരുമായിട്ടാണ് കോൺഗ്രസ് കൂട്ടുകൂടുന്നതെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവാർചന്ദ് ഗലോട്ട്. നിലനിൽപിനായുള്ള നെട്ടോട്ടത്തിലാണ് അമേഠിയിൽ നിന്ന് രാഹുൽ വയനാട്ടിലെത്തി മത്സരിക്കുന്നത്. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗലോട്ട്. അമേത്തിയിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് രാഹുൽ വയനാട്ടിൽ അഭയം തേടിയത്. വയനാട്ടിൽ ലീഗുമായി കൂട്ടു കൂടി മത്സരിക്കുന്നത് കോൺഗ്രസിന്റ ദയനീയ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നൂറ്റി അൻപതിലധികം സീറ്റ് നേടി എൻ.ഡി.എ സർക്കാർ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വരും. ഒരു എം.എൽ.എ പോലുമില്ലാത്ത സ്ഥാനത്തുനിന്നാണ് ത്രിപുരയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നത്. ബംഗാളിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. കേരളത്തിലും മുന്നേറ്റം നടത്തും.
പല കേന്ദ്ര പദ്ധതികളും സംസ്ഥാനം കൃത്യമായി നടപ്പാക്കിയില്ലെന്ന് മന്ത്രി ആരോപിച്ചു. റെയിൽ, റോഡ് വികസനം, സാമൂഹ്യ സുരക്ഷ എന്നിവയ്‌ക്ക് അടക്കം വലിയ തുക അനുവദിച്ചെങ്കിലും ഒന്നും കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ല.തിരഞ്ഞെടുപ്പിലൂടെ കേരളം ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, പി.കെ.വേലായുധൻ, ശ്രീധരൻ കാരാട്ട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.