തലശ്ശേരി: ദേശീയ രാഷ്ട്രീയത്തിൽ ഒന്നിച്ച് നിൽക്കുന്നവർ. വടകരയിൽ നടത്തുന്നത് ഒത്തുകളി രാഷ്ട്രീയമാണെന്ന് ബി.ജെ.പി. വടകര മണ്ഡലം സ്ഥാനാർത്ഥി അഡ്വ.വി.കെ.സജീവൻ.
തലശ്ശേരി പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു എൻ.ഡി.എ.സ്ഥാനാർത്ഥി.
ഫലത്തിൽ സാങ്കൽപ്പിക മത്സരമാണ് ഇടതുവലത് മുന്നണികൾ നടത്തുന്നത്. കെ.മുരളീധരൻ വൈദ്യുതി മന്ത്രിയായിരിക്കുമ്പോൾ എസ്.എൻ.സി.ലാവ് ലിന്റെ ഫയൽ ചോർത്തിക്കൊടുത്തതിന്റെ ഉപകാരസ്മരണയാണ് വട്ടിയൂർകാവിൽ നേരത്തെ കണ്ടത്.ഇന്നിപ്പോൾ ആരും മത്സരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ വൈകിയെത്തിയ സ്ഥാനാർത്ഥിത്വത്തിന് മുരളിക്ക് ധൈര്യം പകരുന്നതും ഹിസ്സ് ഹൈനസ്സിന്റെ പഴയ ഉപകാരസ്മരണ തന്നെയാണ്. സി.പി.എമ്മിന്റെ പല ജില്ലാ സെക്രട്ടറിമാരും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിലും ജയരാജനൊഴിച്ച് മറ്റാരും തൽസ്ഥാനം ഒഴിഞ്ഞിട്ടില്ല. അക്രമ രാഷ്ട്രീയത്തെ ഉള്ള് കൊണ്ട് എതിർക്കുന്ന സി.പി.എമ്മിലെ ഒരു പ്രബലവിഭാഗത്തെ യു.ഡി.എഫ് വിലക്കെടുത്ത് കഴിഞ്ഞു.ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകക്കേസിൽ പാർലമെന്റംഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികളെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.ബി.ജെ.പി.യുടെ ശക്തമായ നിലപാടാണ് കേസന്വേഷണം സി.ബി.ഐ.യിലേക്കെത്തിച്ചതും ആസൂത്രകരെയടക്കം വലയിലാക്കാനും ഇടയാക്കിയതും. ബി.ജെ.പി. മണ്ഡലം ഭാരവാഹികളെ ഒന്നടങ്കം അക്രമിക്കുകയും, പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്ത് പ്രകോപനം സൃഷ്ടിക്കുകയും, ബി.ജെ.പി.മുന്നേറ്റത്തെ തടയാൻ ഒത്തുകളി നടത്തുകയും ചെയ്യുകയാണ് സി.പി.എം.പല പ്രമുഖരും ജയിച്ച് പോയിട്ടും ഇപ്പോഴും ഗ്രാമീണമണ്ഡലമായി നില നിൽക്കുന്ന വടകരയിൽ വികസനമെത്തിയില്ല.
മേൽപ്പാലങ്ങൾ, ബൈപാസുകൾ തുടങ്ങിയവ പ്രാവർത്തികമായത് തന്നെ കേന്ദ്രത്തിലെ ബി.ജെ.പി.സർക്കാറിന്റെ താൽപര്യവും ഒ.രാജഗോപാലിന്റേയും പി.കെ.കൃഷ്ണദാസിന്റേയും ഇടപെടലുകളും കൊണ്ടാണ്.
സബ്‌സിഡി നൽകി ജനങ്ങൾക്ക് താൽക്കാലികാശ്വാസം നൽകുകയെന്നല്ല, ശാശ്വതമായി അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് ബി.ജെ.പി.യുടെ നയമെന്നും, ഇരുമുന്നണികൾക്കും കനത്ത ആഘാതമേൽപ്പിച്ച് ഇത്തവണ വടകര ബി.ജെ.പി. പിടിച്ചെടുക്കുമെന്നും സജീവൻ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് അനീഷ് പാതിരിയാട് അദ്ധ്യക്ഷനായി.മാത്യു പോഴത്തിങ്കൽ, എൻ.ഹരിദാസ്, എം.പി.സുമേഷ്, കെ.കെ.രജീഷ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. എൻ.പ്രശാന്ത് സ്വാഗതവും, ഷീജിത്ത് നന്ദിയും പറഞ്ഞു.