തലശ്ശേരി: വിവിധ കൊലക്കേസുകളിൽ പ്രതികളായ മൂന്നു പേരെ തേടിയുള്ള ജില്ലാ പൊലീസിന്റെ അന്വേഷണം ഒരു വർഷമായി ഫലപ്രാപ്തിയിലെത്തിയില്ല.ഇതിനെ തുടർന്ന് കേസുകളുടെ വിചാരണ നീണ്ടുപോവുകയാണ്.കതിരൂരിലെ നീരാറ്റിൽ സുഹറ (45),മട്ടന്നൂർ മണക്കായിലെ കൊട്ടാരത്തിൽ പാത്തൂട്ടി (75), സഹോദരി നബീസു (71) നബീസുവിന്റെ ഭർത്താവ് ചേമ്പിലാലി അസൈനാർ (75) പെരിങ്ങത്തൂർ മുക്കിലെ പീടികയിലെ മൊയിലോത്ത് താഴെ കുനിയിൽ നബീസു (68), സഹോദരി ആമിന (72), പിണറായി പാറപ്രം കോളയട്ടെ ശിഖാലയത്തിൽ കുഞ്ഞിരാമൻ ഗുരിക്കൾ (72) തുടങ്ങി അഞ്ച് സ്ത്രികളടക്കം ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മൂന്ന് പ്രതികൾക്കായാണ് പൊലീസ് ഇരുട്ടിൽ തപ്പുന്നത്.
മായാണ് കാണാമറയത്ത് വിലസുന്ന മട്ടന്നൂർ കയനിയിലെ കൊട്ടാരത്തിൽ ഷരീഫ് (44) പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പുതിയ വീട്ടിൽ ഷൗക്കത്ത് (43), എരഞ്ഞോളി കൂളി ബസാറിലെ സി.കെ. റമീസ് (40) എന്നിവരെയാണ് പൊലീസ് പിന്തുടരുന്നത്. ഇവർക്കെതിരെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ കോടതിയുടെ അറസ്റ്റ് വാറണ്ടുമുണ്ട്. കേസിന്റെ വിചാരണ തുടങ്ങി സാക്ഷി വിസ്താരം പുരോഗമിക്കുന്നതിനിടയിൽ കഴിഞ്ഞ വർഷം മദ്ധ്യത്തോടെയാണ് മട്ടന്നൂരിലെ ഷരീഫും പെരിങ്ങത്തൂരിലെ ഷൗക്കത്തും മുങ്ങിയത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു റമീസിന്റെ തിരോധാനം.
കതിരൂരിലെ നീരിറ്റിൽ സുഹറയെ സൂത്രത്തിൽ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി രാത്രിയിൽ മട്ടനൂർ കുഞ്ഞിപ്പള്ളിക്ക് സമീപത്തെ കനാൽക്കരയിലുള്ള ആൾ താമസമില്ലാത്ത വീട്ടുപരിസരത്ത് എത്തിച്ച് ഷെരീഫ് കഴുത്തറുത്ത് കൊന്ന് ഓവുചാലിൽ വലിച്ചിട്ടത് 2009 ജനവരിയിലായിരുന്നു. 2018 മാർച്ച് മുതലാണ് കേസിൽ വിചാരണ തുടങ്ങിയത്.ആദ്യ ദിവസങ്ങളിലെല്ലാം ഭാവഭേദമില്ലാതെ പ്രതിക്കൂട്ടിലെത്തിയിരുന്ന ഷെരീഫിനെ മാർച്ച് 19 മുതലാണ് കാണാതായത്. ഇയാളുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.
മട്ടന്നൂർ മണക്കായിൽ വൃദ്ധ ദമ്പതികളെയും ബന്ധുവായ വയോധികയെയും 2003 ഏപ്രിൽ 6 ന് പാതിരാത്രിയിൽ കൂട്ടക്കൊല ചെയ്ത കേസിലും പ്രതിയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുകൂടിയായ ഷെരീഫ് . ഈ കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളൂ. 2007 മാർച്ച് 11ന് പുല്ലൂക്കരയിലെ മൊയിലോത്ത് താഴെ കുനിയിൽ നബീസു (68), സഹോദരി ആമിന (72) എന്നിവരെ കവർച്ചക്കിടയിൽ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷൗക്കത്ത്. കൊല്ലപ്പെട്ട നബീസു വിന്റെയും ആമിനയുടെയും ബന്ധുവാണ് ഷൗക്കത്ത്. 2012 ഫെബ്രുവരി നാലിന് വൈകിട്ട് പാറപ്രം കോളാടെ ജ്യോത്സ്യൻ കുഞ്ഞിരാമനെ പ്രവചന മുറിയിൽ കടന്നുകയറി കുത്തിക്കൊന്ന കേസിൽ വിചാരണ തുടങ്ങുന്ന ദിവസമാണ് പ്രതി റമീസും മുങ്ങിയത്. ഇതോടെ നാട് നടുങ്ങിയിരുന്ന മൂന്ന് കൊലക്കേസുകളുടെയും വിചാരണ അനിശ്ചിതത്വത്തിലായി.