മാഹി:പതിവ് പ്രചാരണകോലാഹലമോ അതിരറ്റ ആരവമോ ഇല്ലാതെ മയ്യഴി ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .പുതുച്ചേരിയിലെ ഒറ്റസീറ്റിലേക്ക് പതിനെട്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മയ്യഴിയിൽ ഇരുപത്തിയൊന്ന് സ്ഥലങ്ങളിലായി 32 ബൂത്തുകളാണുള്ളത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നര മണിയോടെ ഗവ: ഹൗസിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പുറപ്പെട്ടു. ഇന്ന് കാലത്ത് 6 മണിക്ക് മോക്‌പോളിംഗ് നടക്കും. 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്. ഓരോ ബൂത്തിലും സി.സി.ടി.വി. കാമറ സ്ഥാപിച്ചിട്ടുണ്ട്.പാറക്കൽ, ചെറുകല്ലായി സ്‌കൂളുകളിലെ ബൂത്തുകൾ അലങ്കാരങ്ങളോടുകൂടിയ മാതൃകാ ബൂത്തുകളാണ്.സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകളും, അംഗ പരിമിതർക്കുള്ള പ്രത്യേക ബൂത്തുകളുമുണ്ട്.
പത്ത് ബൂത്തുകളാണ് പ്രശ്‌നസാധ്യതലിസ്റ്റിലുള്ളത്. 120 കേന്ദ്രസേനാംഗങ്ങളെ മാഹിയിൽ വിന്യസിച്ചിട്ടുണ്ട്. അതിർത്തി ബൂത്തുകളിൽ കേരള പൊലീസിന്റെ സാന്നിധ്യവുമുണ്ടാകും.മയ്യഴിയിലെ വോട്ടുകൾ ഇവിടെ തന്നെയാണ് എണ്ണുന്നത്. മാഹി ജെ.എൻ. ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ സ്‌ട്രോംഗ് റൂമിൽ കേന്ദ്രസേനയുടെ കാവലോടെ വോട്ട് പെട്ടികൾ സൂക്ഷിക്കും.
വിചിത്രമായ കൂട്ടുകെട്ടും സ്ഥാനാർത്ഥികളാരും തദ്ദേശിയരല്ലാത്തതും പ്രചാരണത്തിന് പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുമെല്ലാം ചേർന്ന് വോട്ടർമാരിലുണ്ടാക്കിയ ആലസ്യം അവസാനദിനത്തിലും മാറിയിട്ടില്ല. പരമാവധി പേരെ പോളിംഗ് ബൂത്തിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരവധി ബോധവത്കരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു.