തളിപ്പറമ്പ് : കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ നടത്തിയ നിർമ്മാണം തളിപ്പറമ്പ് നഗരസഭ തടഞ്ഞു. നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമ്മാണം ആരംഭിച്ചതെന്നും ഇവരോട് പ്ലാനും മറ്റ് രേഖകളും അടിയന്തിരമായി സമർപ്പിച്ച് അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭാ എൻജിനീയർ പറഞ്ഞു. കരിമ്പം സർസയ്യിദ് കോളജ് റോഡിൽ ഹിലാൽ മസ്ജിദിനും മെൻസ് ഹോസ്റ്റലിനും സമീപത്തായാണ് നിർമ്മാണം നടക്കുന്നത്. പടുകൂറ്റൻ ഇരുമ്പ്തൂണുകൾ സർസയ്യിദ് കോളജ് റോഡിന് സമീപം കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചത്.റോഡിൽ നിന്ന് കൃത്യമായി അകലം പാലിക്കാതെയാണ് നിർമ്മാണമെന്നാണ് ആരോപണം.നിരവധി വീടുകളുള്ള ഈ പ്രദേശത്ത് റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നുണ്ട്.