കാസർകോട്: കേരളത്തിൽ 525 ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നുവെന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ പ്രസംഗം അതിശയകരമാണെന്നും ഏതൊക്കെയാണ് ഈ സംഭവങ്ങളെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതായി അറിയില്ല.തിരഞ്ഞെടുപ്പ് കാലത്ത് അഖിലേന്ത്യാ അദ്ധ്യക്ഷൻ നുണ പറയുകയാണ്. ഈ സംഭവങ്ങൾ ഏതൊക്കെയാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും പറയണം.
കേന്ദ്ര സർക്കാർ കേരളത്തെ പരമാവധി സഹായിച്ചുവെന്ന അമിത്ഷായുടെ വാദം അടിസ്ഥാന രഹിതമാണ്. ഓഖി ദുരന്തമുണ്ടായപ്പോൾ സംസ്ഥാനം 7340 കോടി രൂപയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ടപ്പോൾ 133 കോടി മാത്രമാണ് നൽകിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന്റെയും ഹെലകോപ്ടറിന്റെയും നാവികനേസയുടെയും ചെലവെന്ന് പറഞ്ഞ് ഇതിൽ 23.3 കോടി രൂപ തിരിച്ചുവാങ്ങി.
പ്രളയദുരന്തമുണ്ടായപ്പോൾ നൽകിയ അരിയുടെ തുക കേന്ദ്രം നൽകിയ സഹായത്തിൽ നിന്ന് വെട്ടിക്കുറച്ചു. യുഎഇ സർക്കാർ വാഗദാനം നൽകിയ 7000 കോടി രൂപയുടെ സഹായം വാങ്ങാൻ അനുവദിച്ചില്ല. വിവിധ രാജ്യങ്ങളിൽ മലയാളികൾ നൽകാൻ തയ്യാറായ സഹായം സ്വീകരിക്കാൻ മന്ത്രിമാരെ പൊകാൻ അനുവദിച്ചില്ല. ഒന്നാം യു..പി..എ സർക്കാരിന്റെ കാലത്ത് അനുവദിച്ച പാൽക്കാട് കോച്ച് ഫാക്ടറിയും ചേർത്തല വാഗൺ ഫാക്ടറിയും നടപ്പാക്കാൻ ബി..ജെ..പി സർക്കാർ തയ്യാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.