കാസർകോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന് വൻവിജയം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഹുൽഗാന്ധി ഇടതുപക്ഷത്തെ പ്രകീർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആദ്യഘട്ടത്തിൽ തന്നെ മേൽക്കൈ നേടിയ എൽ.ഡി.എഫ് കഴിലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും കൂടുതൽ സീറ്റും വോട്ടും നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിലെത്തിൽ രാഹുൽ ഗാന്ധി ചുവടുമാറ്റി ചവിട്ടുന്നത്. ഇടതുപക്ഷത്തെ പ്രകീർത്തിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇടതുപക്ഷവുമായി മത്സരിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നത് രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പാണ്. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ശക്തമായ മത്സരം നടത്താനാകാത്തതിനാലാണ് രാഹുൽഗാന്ധി കേരളത്തിൽ വന്ന് മത്സരിക്കുന്നത്. കാസർകോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തിൽ മതനിരപേക്ഷ സർക്കാരാണുള്ളത്. ബിജെപിക്കെതിരെ വിശാലസഖ്യമുണ്ടാക്കാനുള്ള താൽപര്യം കോൺഗ്രസിനില്ല. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ശക്തമായ കൂട്ടുക്കെട്ടുണ്ടാക്കാൻ കോൺഗ്രസിനായില്ല. ഇത് സന്തോഷിപ്പിക്കുന്നത് ബിജെപിയെയാണ്. രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിൽ സന്തോഷം ബിജെപിക്കാണ്. ആറു സംസ്ഥാനങ്ങളിൽ മാത്രമാണ് ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര കക്ഷികളാണ് ബിജെപിയുമായി ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 38.5 ശതമാനം വോട്ട് നേടിയപ്പോൾ യു.പി.എ ഇതര കക്ഷികൾക്ക് 39 ശതമാനം വോട്ട് ലഭിച്ചു. യു.പി.എക്ക് ലഭിച്ചത് 23 ശതമാനം വോട്ട് മാത്രം. ബിജെപി, കോൺഗ്രസ് ഇതര കക്ഷികൾ ശക്തി തെളിയിച്ചു.
ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ല. ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദലുയർത്തുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയിൽ മതേതര സർക്കാർ നിലവിൽ വരും. 2004 ൽ വാജ്‌പേയ് സർക്കാരിന്റെ അധികാരത്തിൽ നിന്നിറക്കാൻ കേരളം 18 സീറ്റുകൾ ഇടതുപക്ഷത്തിന് നൽകി. ലോകസഭായിൽ 61 സീറ്റ് ലഭിച്ചു. ഇടതിന് വോട്ട് നൽകുന്നത് ബി.ജെ.പി സഹായിക്കലാകുമെന്ന വാദം 2004 ലെ അനുഭവമുള്ള കേരളത്തിലെ ജനങ്ങൾ വകവെക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സർക്കാർ ഉണ്ടാകുമെന്ന് കോടിയേരി പറഞ്ഞു. സി.പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നു. പ്രസ്‌ക്ലബ്പ്രസിഡന്റ് ടി എ ഷാഫി അദ്ധ്യക്ഷനായി. കെ.വി പത്‌മേഷ് സ്വാഗതം പറഞ്ഞു.