കാസർകോട്: ആറു വയസുകാരിയെ ജ്വല്ലറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരിയെ അഞ്ച് വർഷം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പെർള ഇടിയടുക്കയിലെ ചിതാനന്ദ ആചാര്യ(50)യെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാർ ശിക്ഷിച്ചത്. 2016 സെപ്തംബർ 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ജ്വല്ലറിയിലേക്ക് ആറു വയസുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. പിഴയടച്ചാൽ പിഴ തുക കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. ഇതുകൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര സ്‌കീമിൽ നിന്നും കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചു.

ആർത്തവ ചിത്രം വരച്ചതിന്

നാടക നടനെ അക്രമിച്ചു

കാസർകോട്: ആർത്തവ ചിത്രം വരച്ചതിന് നാടക കലാകാരനെ റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിച്ചെന്ന് പരാതി. ചെമ്മനാട് അണിഞ്ഞ സ്വദേശി ജി.എസ് അനന്ത കൃഷ്ണനു നേരെയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് ആരോപിച്ച അനന്തുവിന്റെ പരാതിയിൽ കോട്ടരുവത്തെ മനോജിനെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു.

വിഷുദിനത്തിൽ മണിയങ്ങാനത്തെ ബന്ധുവിന്റെ വീട് സന്ദർശിച്ച് മടങ്ങവേ പരവനടുക്കം ജി.എച്ച്.എസ്.എസ് സ്‌കൂൾ പരിസരത്തായിരുന്നു ആക്രമണം. കേരളത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ അനന്തു ചിത്രരചന നടത്തിയിരുന്നു. ഇതാണ് വിരോധത്തിന് കാരണം. സ്‌കൂൾ ഓഫ് ഡ്രാമയിലെ മുൻ വിദ്യാർത്ഥിയാണ് അനന്തു.

കഴുത്തിലുണ്ടായിരുന്ന കുരിശു മാല പൊട്ടിച്ച് അസഭ്യം പറഞ്ഞ സംഘം ഇനി നാട്ടിൽ കാലു കുത്തിയാൽ കൈയ്യും കാലും കൊത്തിയരിയുമെന്ന് ആക്രോശിക്കുകയും ചെയ്തെന്ന് അനന്തു പറഞ്ഞു.

പെൺകുട്ടിയെ പീഡിപ്പിച്ച

പൊലീസുകാരന് കേസ്

ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പൊലീസുകാരനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കാസർകോട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഭീമനടി സ്വദേശി രഞ്ജിത്തിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയും പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.