കാഞ്ഞങ്ങാട്: ട്രെയിൻ കയറി മരിച്ചയാളുടെ മൃതദേഹം നീക്കം ചെയ്യുന്നതിൽ പൊലീസ് അലംഭാവം കാട്ടിയതായി ആക്ഷേപം. ഇന്നലെ വെളുപ്പിന് കുശാൽ നഗർ റെയിൽവെ ഗേറ്റിലാണ് കൊവ്വൽസ്റ്റോർ മൂവാരിക്കുണ്ടിലെ ഗംഗാധരനെ (55) മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറുമണിയോടെ മൃതദേഹം കണ്ട നാട്ടുകാർ യഥാസമയം ഹോസ്ദുർഗ് പൊലീസിൽ വിവരം നൽകിയിരുന്നു. ഏഴുമണിയോടെ എത്തിയ ചെറുവത്തൂർ മംഗലൂരു പാസഞ്ചർ പാളത്തിൽ മൃതദേഹം കിടക്കുന്നതുകണ്ട് ഓട്ടം നിർത്തിവച്ചു. റെയിൽ പാളത്തിൽ മൃതദേഹം ശ്രദ്ധയിൽപെട്ടാൽ മൃതദേഹം നീക്കം ചെയ്യുന്നതുവരെ ട്രെയിൻ നിർത്തിയിടണമെന്നാണ് നിയമം. അതുപ്രകാരമാണ് ചെറുവത്തൂർ പാസഞ്ചർ നിർത്തിയിട്ടത്. അതോടെ ഷൊർണ്ണൂരിൽ നിന്നും മംഗലാപുരത്തേക്കുള്ള പല ട്രെയിനുകളും അവിടവിടെയായി നിർത്തിയിട്ടു.

മൃതദേഹം ഇൻക്വസ്റ്റ് ചെയ്യേണ്ട എസ്.ഐ, ഫോട്ടോഗ്രാഫർ വന്ന് മൃതദേഹത്തിന്റെ പടമെടുക്കാതെ ഇൻക്വസ്റ്റ് കഴിയില്ലെന്ന നിലപാടിലായിരുന്നു. ഇതിന്റെ പേരിൽ എസ് ഐയും സഹായിയായെത്തിയ സിവിൽ പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് മൃതദേഹം പാളത്തിൽ നിന്നും മാറ്റിയത്. അതിനുശേഷമാണ് പാസഞ്ചർ ട്രെയിനുൾപ്പെടെ ഓട്ടം പുനരാരംഭിച്ചത്.