കാഞ്ഞങ്ങാട്: കേവലം മൂന്നു പതിറ്റാണ്ടുകൾ മാത്രം ജീവിച്ച് യുഗപുരുഷനായി മാറിയ വിദ്വാൻ പി. കേളുനായർ ഓർമയായിട്ട് ഒൻപത് പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരു സ്മാരകം പോലും ഉയരാതെ ജന്മനാടായ വെള്ളിക്കോത്ത്.
സാമൂഹ്യപരിഷ്‌കർത്താവ്, സ്വാതന്ത്ര്യസമരസേനാനി, നാടകപ്രവർത്തകൻ, നടൻ, വാഗ്മി, സംഗീതജ്ഞൻ, അധ്യാപകൻ എന്നീ നിലകളിലെല്ലാം ഒരേ സമയം നിറഞ്ഞാടുകയും 28-ാ മത്തെ വയസ്സിൽ 1929 ഏപ്രിൽ 18-ന് ജീവിതമവസാനിപ്പിക്കുകയും ചെയ്ത കേളുനായർ നാടിനു നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിനു ബദലായി വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം സ്ഥാപിച്ചത് കേളുനായരായിരുന്നു. ഗാന്ധിയൻ ചിന്തകളും ആദർശങ്ങളും വിജ്ഞാനദായിനിയിൽ പാഠ്യവിഷയമായിരുന്നു. നൂൽനൂൽപ്പ്, റോഡ് നിർമാണം, ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ വിജ്ഞാനദായിനിലൂടെ കേളുനായർ നടപ്പാക്കി.
ജന്മികുടുംബാംഗമായ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി എ.സി കണ്ണൻനായരെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമായി അടുപ്പിച്ചത് കേളുനായരായിരുന്നു. കെ. കേളപ്പൻ,കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ പ്രമുഖരായ നേതാക്കളെല്ലാം വിജ്ഞാനദായിനിയിൽ അധ്യാപകരായി എത്തിയിരുന്നു. മൺമറഞ്ഞ ഗാന്ധിയൻ കമ്യൂണിസ്റ്റ് കെ. മാധവൻ വിജ്ഞാനദായിനിയിൽ കേളുനായരുടെ ശിഷ്യനായിരുന്നു. നാട്ടുകാരനും ബന്ധുവുമായ മഹാകവി പി. കുഞ്ഞിരാമൻ നായർ ഗുരുതുല്യനായാണ് കേളുനായരെ കണ്ടിരുന്നത്. അവർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം കവിയുടെ കാൽപ്പാടുകളിൽ മഹാകവി ഓർമിക്കുന്നുണ്ട്. കേളുനായരുടെ വേർപാടിനെ കുറിച്ച് വിവരിക്കുന്ന അധ്യായത്തിന് തുഴയറ്റ തോണിക്കാരൻ എന്ന ശീർഷകമാണ് മഹാകവി നൽകിയിരിക്കുന്നത്.
അനാഥമായി വിജ്ഞാനദായിനി
കേളുനായരുടെ കളിയരങ്ങായിരുന്ന വെള്ളിക്കോത്ത് വിജ്ഞാനദായിനി കെട്ടിടം ഇന്ന് അനാഥമായി കിടക്കുകയാണ്. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വി.എച്ച്.എസ്.എസിന്റെ ഭാഗമാണ് വിജ്ഞാനദായിനി കെട്ടിടം. ഈ കെട്ടിടത്തിലെ സ്റ്റേജിൽ ദേശീയ പാതകവിരിച്ച് അതിൽ കിടന്നായിരുന്നു കേളുനായർ ജീവിതം അവസാനിപ്പിച്ചത്.
ഏതാനും വർഷം മുൻപ് ഡോ. സുകുമാർ അഴീക്കോട് മുൻകൈ എടുത്ത് ജില്ലാപഞ്ചായത്ത് വിജ്ഞാനദായിനി കെട്ടിടത്തെ ചരിത്രസ്മാരകമാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് കാര്യമായ ഒരു നടപടികളും ചരിത്രസ്മാരകത്തിനു വേണ്ടി ഉണ്ടായില്ല. ഏതാനും വർഷം മുൻപ് സ്‌കൂൾ അധികൃതർ വിറകുപുരയാക്കി കെട്ടിടത്തെ മാറ്റിയത് വിവാദമായിരുന്നു.
വിജ്ഞാനദായിനിയുടെ ഭാഗമായി ചരിത്രസ്മാരക നിർമാണത്തിനുള്ള പദ്ധതി രൂപരേഖ വിദ്വാൻ പി. സ്മാരക ട്രസ്റ്റ് ജില്ലാപഞ്ചായത്തിലേക്കും സർക്കാരിലേക്കും സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെയും കൃത്യമായ നടപടിയോ പ്രതികരണമോ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതും ചരിത്ര പുരുഷനോടുള്ള അവഹേളനമായാണ് സാംസ്‌കാരിക പ്രവർത്തകർ കാണുന്നത്.