കണ്ണൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രസിദ്ധീകരിക്കാനിരുന്ന എൽ.എസ്.എസ് പരീക്ഷാഫലം അബദ്ധത്തിൽ പുറത്തായി. എ.ഇ.ഒമാർക്ക് മാത്രം കാണാനായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൾട്ടാണ് ഇന്നലെ രാവിലെയോടെ എല്ലാവർക്കും കാണാവുന്ന രീതിയിലായത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ഫലം ഉച്ചയോടെ വെബ്സൈറ്റിൽ നിന്നു പിൻവലിച്ചു.
എന്നാൽ പലരും അറിഞ്ഞതിനാൽ ഇനി റിസൾട്ട് പിൻവലിക്കുന്നതിൽ കാര്യമില്ലെന്ന് തീരുമാനിച്ചതോടെ വൈകിട്ട് 6ന് ഇത് പുനഃ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഴ്ച യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചിരുന്നു. അദ്ധ്യയന വർഷത്തിലെ അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയ കുട്ടികളെ മാത്രമാണ് എൽ.എസ്.എസ് പരീക്ഷ എഴുതിക്കുക. ഇതിൽ 60 ശതമാനം മാർക്ക് നേടുന്നവരെ വിജയികളായി പ്രഖ്യാപിക്കും.