പാനൂർ :എൽ.ഡി.എഫ് വടകര ലോക് സഭ മണ്ഡലം സ്ഥാനാർത്ഥി പി.ജയരാജന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം പാനൂരിൽ നടന്ന തിരഞ്ഞെടുപ്പുറാലി അക്ഷരാർത്ഥത്തിൽ എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമാക്കുന്ന തരത്തിൽ ആവേശകടലായി മാറി. ആയിരത്തിൽപരം ബഹുജനങ്ങളാണ് റാലിയിൽ അണിനിരന്നത്. പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ട് മുമ്പെങ്ങും പാനൂർ കാണാത്ത വിധം ജനസാഗരമായി മാറി.
റാലി ഉദ്ഘാടനം ചെയ്യാനായി കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ അലകടൽ മുദ്യാവാക്യം വിളിയാൽ ശബ്ദമുഖരിതമായി. ജനനായകൻ ഉദ്ഘാടന പ്രസംഗം തുടങ്ങിയതോടെ സദസ്സ് നിശബ്ദം. കാച്ചി കുറുക്കിയ വാക്കുകളാൽ ആർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ കോൺഗ്രസിന്റെ നിലപാടുകളെയും ബി.ജെ.പിയുടെ ജനദ്രോഹ നടപടികളെയും തുറന്നു കാട്ടിയുള്ള സംസാരം. ജനാധിപത്യ മതേതരത്വ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി അക്കമിട്ടു തന്റെ മുമ്പിലിരിക്കുന്ന ജനങ്ങളെ ബോധ്യപ്പെടുത്തി കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ലോക് താന്ത്രിക്ക് ജനതദൾ ജില്ല പ്രസിഡന്റ് കെ.പി. മോഹനൻ അദ്ധ്യക്ഷനായി. മുഖ്യമന്ത്രിക്കുള്ള പാനൂരിന്റെ ഉപഹാരം കെപി മോഹനൻ നൽകി.വിപി കൃഷ്‌ണേന്ദു വരച്ച ഛായ ചിത്രം വേദിയിൽ വച്ച് ചിത്രക്കാരി മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചു. സി.പി. എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.കെ. ശൈലജ, ജില്ല സെക്രട്ടറിയേറ്റംഗം പനോളി വത്സൻ, ജില്ല കമ്മിറ്റിയംഗം കെ .ലീല, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, കോൺഗ്രസ് എസ് ജില്ല സെക്രട്ടറി പി. പ്രഭാകരൻ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ ,മഹിള ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ, എ.പ്രദീപൻ, പാട്യം രാജൻ, കെ.കെ. കണ്ണൻ, കെ. സുരേശൻ, ആലിക്കുട്ടി എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ കെ.കെ. പവിത്രൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു സിപിഐ എം ലെക്കു കടന്നു വന്ന ജവഹർ ബാലവേദി പാനൂർ ബ്ലോക്ക് പ്രസിഡന്റും, സേവാദൾ കൂത്തുപറമ്പ് മണ്ഡലം ചെയർമാനും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ഷിബു പാലത്തായിയെ മന്ത്രി കെകെ െൈശെലജ ഹാരാർപ്പണമണിയിച്ച് സ്വീകരിച്ചു.