election-2019

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തി നിൽക്കുമ്പോഴേക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏതാണ്ട് 19 മണ്ഡലങ്ങളിലും ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു. സി.പി.എമ്മിന്റെ അമരക്കാരനായ കോടിയേരി എല്ലാ മണ്ഡലങ്ങളിലെയും നായകത്വം ഏറ്റെടുത്താണ് തീപാറുന്ന പോരാട്ട ഭൂമിയിലൂടെ കുതിക്കുന്നത്.കണ്ണീരും സങ്കടവും പങ്കുവച്ച രക്തസാക്ഷി കുടുംബങ്ങളുടെ വടകരയിലെ സംഗമത്തിൽ നിന്നാണ് തലശേരിയിലെത്തിയത്. അതു കഴിഞ്ഞ് കണ്ണൂരിൽ വാർത്താസമ്മേളനവും രണ്ട് പൊതുയോഗങ്ങളും.എല്ലാം കൂടി ആവേശ കൊടിയേറ്റം. തീപ്പൊരി പ്രസംഗമൊന്നുമില്ല,​പറയേണ്ട കാര്യങ്ങൾ, അൽപ്പ സ്വൽപ്പം നർമ്മം കലർത്തിയങ്ങ് പൊട്ടിക്കും. കേട്ടു നിൽക്കുന്നവർ ചിരിച്ച് ഒരു പരുവത്തിലാകും. അതാണ് സഖാവിന്റെ പ്രസംഗശൈലി.

കണ്ണൂർ താണയിലെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഇന്നോവയിൽ കോടിയേരി വന്നിറങ്ങുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.കെ. രാഗേഷ്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനായി അകത്തെ മുറിയിലേക്ക് മൂവരും പോയി. എല്ലാം ഒകെയാണ് സഖാവേ... കണ്ണൂരിന്റെ കാര്യത്തിൽ ഡബിൾ ഒകെ..... രാഗേഷിന്റെ വാക്കുകളിൽ ചോരാത്ത ആത്മവിശ്വാസം. പിന്നീട് കാതോടു കാതോരം ,​ചുറ്റിലും പത്രക്കാരുണ്ട്. അവരാരും കേൾക്കേണ്ടെന്ന ഭാവത്തിൽ

പഴുതടച്ച പ്രവർത്തനമായിരിക്കണം. പരമാവധി വോട്ടർമാരെ നേരിട്ടുകണ്ടുള്ള ഗൃഹസമ്പർക്ക പരിപാടി. എതിരാളികൾ പല അടവുകളും പ്രയോഗിക്കും.. അതിനെയൊക്കെ അതിജീവിക്കാൻ കഴിയണം.... അവിടെയാണ് വിജയം. കോടിയേരിയുടെ തിരഞ്ഞെടുപ്പ് തന്ത്രോപദേശം..

നേതാക്കൾ ഒഴിഞ്ഞപ്പോൾ ഫോൺ കോൾ. സി.പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനായിരുന്നു മറുതലയ്ക്കൽ. ഫോണുകളൊക്കെ നേരിട്ട് തന്നെ എടുക്കുന്നതാണ് കോടിയേരി സ്റ്റൈൽ. പൊതുയോഗത്തിലോ മറ്റോ ആണെങ്കിൽ ഫോൺ ഗൺമാനെ ഏൽപ്പിക്കും.

നേതാക്കളുടെ തിരക്കും ഫോൺ വിളികളും ഒഴിഞ്ഞനേരത്ത് കോടിയേരിയോടു ചോദിച്ചു. എത്ര പൊതുയോഗം ഇതിനകം കഴിഞ്ഞു കാണും? ഇതൊക്കെ ആരു കണക്ക് നോക്കാൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ആദ്യം രംഗത്തിറങ്ങിയതു നമ്മളാണ്. ആദ്യ ഘട്ടത്തിലെ പ്രചാരണ ആവേശം അവസാനഘട്ടം വരെ ഒരു പോലെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.. ഏതാണ്ട് നൂറിലേറെ പൊതുസമ്മേളനങ്ങളിൽ പങ്കെടുത്തു. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും എത്തിയിട്ടുണ്ട്. ഇനി വയനാട് മാത്രമാണ് ബാക്കി. നാളെ അവിടെയാണ്...... ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയില്ലേ........ വാക്കുകൾ തീരുമ്പോൾ ചുണ്ടിന്റെ കോണിലൊളിപ്പിച്ച ചിരി മറ നീക്കി വന്നു.

അതിനിടെ കാമറകൾ നിരന്നു. അതിനിടയിലൂടെ വാർത്താസമ്മേളന വേദിയിലേക്ക്. കാലിൽ ചുറ്റിപിണരുന്ന കേബിളുകളെ തന്ത്രപൂർവ്വം വകഞ്ഞു മാറ്റി നീങ്ങുമ്പോൾ മാദ്ധ്യമപ്രവർത്തകരോട് ഇത്തിരി നേരം കുശലാന്വേഷണം. എന്താണ് നിങ്ങളുടെ വിലയിരുത്തൽ...... നിങ്ങളൊക്കെയല്ലേ സർവ്വേ തയ്യാറാക്കുന്നത്...... അതൊന്നും കാര്യമാക്കണ്ട സഖാവേ, വിജയിക്കും ഞങ്ങൾ.... കൂട്ടത്തിലാരോ കോടിയേരിക്ക് ധൈര്യം പകർന്നു..

മുക്കാൽ മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിൽ മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു. ദൈവത്തിന്റെ പേരു പറഞ്ഞ് ആർക്കെതിരെയാണ് കേരള പൊലീസ് കേസെടുത്തതെന്ന് തുറന്നു പറയാൻ കോടിയേരി മോദിയെ വെല്ലുവിളിച്ചു. രണ്ടു വോട്ടിനു വേണ്ടി നാട്ടുകാരെ പറ്റിക്കുന്ന ഏർപ്പാട് കേരളത്തിൽ വിലപ്പോകില്ലെന്ന മുന്നറിയിപ്പോടെയാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

തുടർന്ന് പുറത്തുനിർത്തിയ ഇന്നോവയിൽ ഗൺമാൻ അജിത്തിനൊപ്പം നേരെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലേക്ക്. അവിടെയും നേതാക്കൾ കോടിയേരിക്ക് ചുറ്റുംകൂടി. എല്ലാ മണ്ഡലങ്ങളിലും കറങ്ങിയ ആളെന്ന നിലയിൽ അവർക്കൊക്കെ ഒരു കാര്യമേ അറിയേണ്ടൂ.... സഖാവേ ഇരുപതിലും ഞങ്ങൾ ജയിക്കില്ലേ? സംശയം വേണ്ട ഇരുപതിൽ ഇരുപതും നേടും. എല്ലായിടത്തും ഇടതുമുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ്. ബി.ജെ.പിക്ക് ഒരു സീറ്റുപോലും നേടാൻ കഴിയില്ല. കേരളത്തിൽ അക്കൗണ്ട് തുറക്കലൊക്കെ അവരുടെ സ്വപ്നം മാത്രമാണ്. കേട്ടു നിന്നവരുടെ മുഖത്ത് പ്രതീക്ഷയുടെ തിളക്കം.

കണ്ണൂരിൽ സി.പി.എം കോട്ടകളിൽ പ്രസംഗിക്കാനല്ല കോടിയേരി വന്നത്. യു.ഡി.എഫ് മണ്ഡലത്തിൽ പെട്ട ശ്രീകണ്ഠപുരത്തും കാക്കയങ്ങാട്ടുമാണ് പരിപാടി. നാല് മണിക്കാണ് ശ്രീകണ്ഠപുരത്ത്. പ്രവർത്തകരുടെ ആവേശം ആവോളം പ്രകടമാകുന്ന പൊതുയോഗങ്ങളിൽ സാധാരണക്കാരെ കൈയിലെടുക്കാനുള്ള ചില ചെപ്പടി വിദ്യകളും കോടിയേരിയുടെ കൈയിലുണ്ട്.

പ്രളയത്തിൽ കേരളം കഷ്ടപ്പെടുമ്പോൾ തരാമെന്ന് പറഞ്ഞ കാശുപോലും തരാതെ പറ്റിച്ചവരാണ് മോദിയും കൂട്ടരും. കേരളത്തിൽ ഭരിക്കുന്ന സർക്കാരിന്റെ സൃഷ്ടിയാണ് പ്രളയമെന്നും പറഞ്ഞ് മോദി നാടകം കളിക്കുകയാണ്. ഇത്തരം പ്രചാരവേലകൾ പ്രധാനമന്ത്രിക്ക് ചേർന്നതല്ല. യു.ഡി.എഫ് മണ്ഡലമായതു കൊണ്ട് രാഹുൽ ഗാന്ധിയേയും വെറുതെ വിട്ടില്ല. ആരോട് മത്സരിക്കാനാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. കോൺഗ്രസിന്റെ സ്ഥിതി ഇത്തവണ കട്ടപ്പൊകയാകും. പ്രസംഗം നിർത്തുമ്പോഴേക്കും ഗൺമാൻ അജിത്തിന്റെ ഫോണിലേക്ക് പേരാവൂരിൽ നിന്നും വിളിയെത്തി. സഖാവ് പുറപ്പെട്ടോ, അഞ്ച് മണിക്കാണ് പൊതുയോഗം. അടുത്ത പ്രചാരണ വേദിയായ കാക്കയങ്ങാട്ടേക്കാണ്.കോൺഗ്രസിനും മോദിക്കുമെതിരെ വെടിയുതിർത്ത് സന്ധ്യയോടെ വയനാടൻ മലനിരകളിലേക്ക്.. അവിടെ രണ്ട് മുഖ്യ എതിരാളികൾ കാത്തിരിക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയും സ്മൃതി ഇറാനിയും. ഒരു വെടിക്ക് രണ്ട് പക്ഷിയെ നേരിടാനുള്ള മരുന്നുമായി കോടിയേരി ചുരം കയറി.