തലശ്ശേരി: ചരിത്രത്തിലൊരിക്കലും വടകര ഇത്രമേൽ വെന്തുരുകിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. സി.പി.എമ്മും ബി.ജെ.പി.യും പഴുതുകളടച്ച് പോരാടുമ്പോൾ ഒരു മനസും ശരീരവുമായി കോൺഗ്രസും തങ്ങളുടെ കരുത്ത് തെളിയിക്കാൻ അവസാനത്തെ അടവും പ്രയോഗിക്കുകയാണ്. മൂന്ന് മുന്നണികൾക്കും അഭിമാന സീറ്റാണ് വടകര. ടി.പി.വധത്തെ ത്തുടർന്നുള്ള പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇടത് കോട്ടയിൽ വൈകാരികമായ വിള്ളൽ വീഴ്ത്തി മുല്ലപ്പള്ളി രാമചന്ദ്രൻ സീറ്റ് പിടിച്ചെടുത്തത്.ബി.ജെ.പി.യാകട്ടെ ഈ മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തങ്ങളുടെ വോട്ടിംഗ് നിലയുടെ ഗ്രാഫ് ഉയർത്തിയിട്ടുമുണ്ട്. കൈവിട്ട നാൾ മുതൽ മണ്ഡലം തിരിച്ചുപിടിക്കാൻ സംഘടനാപരവും തന്ത്രപരവുമായ ആസൂത്രിത നീക്കങ്ങൾ നടത്തിവരികയായിരുന്നു സി.പി.എം.
കടത്തനാടൻ മണ്ണിൽ, ആവേശത്തിന്റെ തിരയിളക്കിയാണ് സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജനെ തന്നെ ഇടത് മുന്നണി കളത്തിലിറക്കിയത്. അന്ന് തൊട്ടിന്നു വരെ രാപകലില്ലാതെ, ഊണും ഉറക്കവുമില്ലാതെ പ്രവർത്തകർ ഒറ്റ ലക്ഷ്യവുമായി മണ്ഡലത്തിലാകെ കൃത്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ട് പരാജയങ്ങളിലുമുണ്ടായ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിച്ചാണ് ജയരാജൻ മുന്നോട്ട് പോകുന്നത്. വടകരയിലും പാനൂരിലുമടക്കം പുതുതായി കടന്നു വന്ന എൽ.ജെ.ഡി.യുടെ കരുത്ത് തങ്ങളെ തുണയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. ബി.ജെ.പി. ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക 'സംരക്ഷകരായ' തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ഇടത് മുന്നണിക്ക് ഊർജമേകുന്നുണ്ട്.
മാറിയ സാഹചര്യത്തിൽ സീറ്റ് കൈവിട്ടു പോകുമെന്ന തോന്നലുമായാണ് യു.ഡി.എഫ്. രംഗത്ത് വന്നത്. മത്സരിക്കാൻ പോലും പലരും വിമുഖത കാണിച്ചപ്പോൾ പതിമൂന്നാം മണിക്കൂറിലാണ് കെ.മുരളീധരനെ നിയോഗിക്കുന്നത്. എന്നാൽ അങ്കം മുറുകിയത് പൊടുന്നനെയായിരുന്നു. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ബോധ്യമുള്ള ആർ.എം.പി സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ യു.ഡി.എഫിന് പിന്തുണയേകുകയായിരുന്നു.നേതൃത്വം പൂർണമായി എൽ.ഡി.എഫിനൊപ്പമുണ്ടെങ്കിലും ഒരു സീറ്റ് പോലും നൽകാതെ അവഗണിച്ചതിലുള്ള അമർഷം നെഞ്ചിലേറ്റുന്ന എൽ.ജെ.ഡി. അണികളിലൊരു വിഭാഗത്തിന്റെ വോട്ടുകൾ ഉറപ്പിച്ച് നിർത്താൻ ഇടത് മുന്നണിക്ക് സാധിക്കുമോ എന്ന് കണ്ടറിയണം. ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഇതാദ്യമായാണ് യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. സിറ്റിംഗ് എം.പി.യായിരുന്നു മത്സരിക്കുന്നതെങ്കിൽ ഉണ്ടാകുമായിരുന്ന നെഗറ്റീവ് വോട്ടുകളൊന്നും മുരളീധരന് ഉണ്ടാകില്ല. ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന സാമുദായിക വോട്ടുകളും മുരളീധരൻ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം പുതിയ വോട്ടർമാരിലും പ്രതീക്ഷ പുലർത്തുന്നു. ജയിച്ചാൽ മന്ത്രിയാകുമെന്ന പ്രചാരണവും യു.ഡി.എഫ് നടത്തുന്നുണ്ട്. മുസ്ലിം ലീഗാവട്ടെ സ്വന്തം സ്ഥാനാർത്ഥിയേക്കാൾ ആവേശത്തോടെയാണ് രംഗത്തുള്ളത്.ദേശീയ പ്രശ്നങ്ങൾക്കുമപ്പുറം അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചാരണമാണ് നടക്കുന്നത്.
ബി.ജെ.പി.കരുത്ത് കാട്ടുമെന്ന് ആവർത്തിച്ചു പറയുമ്പോഴും പഴയ 'കോലീബി 'സഖ്യം പലരും ഇന്നത്തെ സാഹചര്യത്തിൽ ഓർക്കുന്നുണ്ട്. എൽ. ഡി.എഫിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുകളുണ്ടെന്നും അത് മുരളീധരന്റെ പെട്ടിയിൽ വോട്ടായി വീഴുമെന്നും, ബി.ജെ.പി.സ്ഥാനാർത്ഥി അഡ്വ. വി.കെ.സജീവൻ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പറയുമ്പോഴും ഇതൊരു മുൻകൂർ ജാമ്യമാണോ എന്ന സംശയവും മാധ്യമ പ്രവർത്തകർ ഉയർത്തിയിരുന്നു. ആര് ജയിക്കണമെന്ന് മാത്രമല്ല, ആര് പരാജയപ്പെടണമെന്നതും പ്രാധാന്യമുള്ളതാണെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. രാഷ്ട്രീയമായും സംഘടനാപരമായും മൂന്ന് മുന്നണികൾക്കും ഒരേ പോലെ പ്രാധാന്യമുള്ള ഈ പോരാട്ടത്തിൽ, കണക്ക് കൂട്ടലുകൾക്കെല്ലാമപ്പുറമാണ് ജയാപജയങ്ങളെ നിർണയിക്കുന്ന അതിശക്തമായ അടിയൊഴുക്കുകൾ. അവകാശവാദങ്ങളും ആവേശവും ആകാശം മുട്ടുമ്പോഴും വടകര മണ്ഡലത്തിലെ ഇനിയുള്ള ദിനരാത്രങ്ങൾക്ക് നെഞ്ചിടിപ്പും കിതപ്പും ഏറി വരികയാണെന്ന് മണ്ഡലവാസികൾക്കെല്ലാം ഒരു പോലെ ബോധ്യമുള്ളതാണ്. പ്രവചനങ്ങൾക്കുമപ്പുറം കാത്തിരിപ്പിന് മാത്രം മറുപടി നൽകാൻ കഴിയുന്നതാണ് ഇവിടുത്തെ ജനവിധി.